ന്യൂഡൽഹി
വനിതാ സൈനികരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമുണ്ടെന്ന ഹർജിയിൽ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം. വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. ബബിത പുണിയ കേസിലെ (2020 ആഗസ്ത്) സുപ്രീംകോടതി ഉത്തരവിലൂടെ പെർമനന്റ് കമീഷൻ ലഭിച്ച ഉദ്യോഗസ്ഥരാണ് സ്ഥാനക്കയറ്റത്തിൽ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി വിധി വളഞ്ഞവഴിയിലൂടെ മറികടക്കാനുള്ള നീക്കമായേ സ്ഥാനക്കയറ്റം നിഷേധിക്കുന്ന നടപടിയെ കാണാനാകൂ. അതീവ ഗൗരവത്തോടെയാണ് കോടതി ഈ വിഷയം നോക്കിക്കാണുന്നത്. തിരുത്തൽ ഉണ്ടായില്ലെങ്കിൽ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജിനെ ഓർമിപ്പിച്ചു.