ചെന്നൈ
തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും പോരിനിറങ്ങി ഗവർണർ ആർ എൻ രവി. ഗവർണർ അനുമതി നിഷേധിച്ചാൽ ബിൽ മരിച്ചെന്നാണ് അർഥമെന്ന രവിയുടെ പരാമർശം വിവാദമായി. സിവിൽസർവീസ് പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി രാജ്ഭവനിൽ നടത്തിയ പരിപാടിയിലായിരുന്നു ഗവർണറുടെ പരാമർശം.
ഇതിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. ഗവർണർ അദ്ദേഹത്തിന്റെ ചുമതലകളിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്തവർ നിർമിക്കുന്ന ഭരണഘടനാപരമായ നിയമങ്ങൾ അംഗീകരിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രസ്താവന ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“”മണിബില്ലിനുപോലും ഗവർണർ അനുമതി നൽകുന്നില്ല. ബില്ലുകൾ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പിടിച്ചുവയ്ക്കുന്നത് ഭരണഘടനാപദവിക്ക് ചേർന്നതല്ല. ഇത് ഭരണഘടനാവിരുദ്ധമാണ്”–- സ്റ്റാലിൻ പറഞ്ഞു. 2018ൽ തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരെനടന്ന സമരത്തിനുപിന്നിൽ വിദേശ ശക്തികളാണെന്നും ഗവർണർ പരിപാടിയിൽ ആരോപിച്ചിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.