ന്യൂഡൽഹി
മോദിസർക്കാരിന് എതിരായ വ്യാജ വാർത്ത നിയന്ത്രിക്കാനെന്ന പേരിൽ മാധ്യമ സെൻസർഷിപ്പിന് കേന്ദ്രനീക്കം. കേന്ദ്രസർക്കാരിന്റെ വസ്തുതാപരിശോധന വിഭാഗം വ്യാജമെന്ന് മുദ്രകുത്തുന്ന വാർത്ത ഫെയ്സ്ബുക്ക്, ട്വിറ്റർ, യുട്യൂബ്, ഗൂഗിൾ തുടങ്ങിയ ഇന്റർമീഡിയേറ്ററികളും എയർടെൽ, ജിയോ, വൊഡാഫോൺ–-ഐ ഡിയ തുടങ്ങിയ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഉടൻ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര നിര്ദേശം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാകും (പിഐബി) ഇതിനുള്ള അധികാരം എന്ന തരത്തിലാണ് നേരത്തേ വാർത്ത വന്നിരുന്നത്.
എന്നാൽ, വ്യാഴാഴ്ച പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിലാണ് സ്വയം നീക്കണമെന്ന വ്യവസ്ഥയുള്ളത്. പാലിക്കാത്ത കമ്പനികളുടെ ‘സേഫ് ഹാർബർ പരിരക്ഷ’ നഷ്ടമാകും. 2021ലെ ഐടി ചട്ടമാണ് ഇതിനായി ഭേദഗതി ചെയ്തത്. കേന്ദ്രസർക്കാരിന് എതിരെ വാർത്ത നൽകുന്ന ചുരുക്കം മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും കൂടി കൂച്ചുവിലങ്ങിടാനാണ് തീരുമാനം. ശ്രേയാസിംഗാൾ (2015) കേസിലെ സുപ്രീംകോടതി വിധിക്ക് എതിരായ നടപടിയാണിതെന്ന വിമർശം ഉയർന്നു.
കേന്ദ്രസർക്കാർ നടപടി ആശങ്കാജനകമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷനും ചൂണ്ടിക്കാണിച്ചു. എന്നാൽ, വ്യാജവാർത്ത നിയന്ത്രിക്കുക മാത്രമാണ് പുതിയ നടപടിയെന്ന് ഐടി, ഇലക്ട്രോണിക്സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മീഡിയാവൺ കേസിൽ മാധ്യമങ്ങൾക്ക് അനാവശ്യമായി കടിഞ്ഞാണിടാൻ നോക്കരുതെന്ന് സുപ്രീംകോടതി വിമർശിച്ച് ദിവസങ്ങൾക്കുള്ളിലാണ് സെൻസർഷിപ്പ് നീക്കം തുടങ്ങിയത്. ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള ചില വ്യവസ്ഥയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
ഐടി ചട്ടഭേദഗതി ഉടൻ പിൻവലിക്കണം: സിപിഐ എം
വ്യാജവാർത്ത നിയന്ത്രിക്കാനെന്ന പേരിലുള്ള ഐടി ചട്ടഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ സെൻസർഷിപ്പിന് വിധേയമാക്കുന്നതിന് തുല്യമാണിത്. വസ്തുത പരിശോധനാ വിഭാഗം വ്യാജമെന്ന് കണക്കാക്കുന്ന വാർത്ത ഇന്റർമീഡിയേറ്ററികളും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും നീക്കം ചെയ്യണമെന്നാണ് അറിയിപ്പ്. നിർദേശം അനുസരിച്ചില്ലെങ്കിൽ കമ്പനികൾ നിയമനടപടി നേരിടണം. ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കമ്പനികൾക്ക് പരിരക്ഷ നൽകുന്നതാണ്. സമൂഹമാധ്യമങ്ങളെയും അതിന്റെ ഉപയോക്താക്കളെയും സെൻസറിങ്ങിന് വിധേയമാക്കുന്ന ജനാധിപത്യവിരുദ്ധ നീക്കം അംഗീകരിക്കാനാകില്ലെന്നും പിബി ചൂണ്ടിക്കാട്ടി.