ന്യൂഡൽഹി
ഭരണകക്ഷി തന്നെ സഭ തടയുന്ന അസാധാരണ നീക്കത്തിനാണ് വ്യാഴാഴ്ച അവസാനിച്ച പാർലമെന്റ് ബജറ്റ് സമ്മേളന കാലം സാക്ഷിയായത്. രണ്ടാം മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും തടസ്സപ്പെട്ട സമ്മേളനമെന്ന നാണക്കേടും ഈ സമ്മേളനത്തിനുണ്ട്. ഇരുസഭയ്ക്കുമായി 200 മണിക്കൂർ നഷ്ടമായി. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ജനാധിപത്യവിരുദ്ധ നിലപാടാണ് സമ്മേളനം പൂർണമായും അലങ്കോലപ്പെടാൻ മുഖ്യകാരണം.
മാർച്ച് 13നു തുടങ്ങിയ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടമാണ് ഭരണകക്ഷി കുളമാക്കിയത്. അദാനി-–- ഹിൻഡെൻബർഗ് റിപ്പോർട്ടിലെ സംയുക്ത പ്രതിപക്ഷ പ്രതിഷേധത്തിൽനിന്ന് തടിയൂരാനായിരുന്നു ഈ വിക്രിയ. ഇതിനായി രാഹുൽ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗം ബിജെപി ആയുധമാക്കി. പ്രസംഗം രാജ്യത്തെ അവഹേളിച്ചെന്ന് വാദിച്ച് ഭരണപക്ഷം കൂട്ടത്തോടെയാണ് ഇരുസഭയിലും ബഹളമുണ്ടാക്കിയത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണ ചർച്ച നടക്കരുതെന്ന അജന്ഡയായിരുന്നു പിന്നിൽ.
എന്നാൽ, ഭരണപക്ഷത്തിന്റെ കെെയൂക്കിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടുന്നതിനും സമ്മേളനം സാക്ഷിയായി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തിറങ്ങി. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ പകപോക്കലിന് ആയുധമാക്കുന്നത് ചൂണ്ടിക്കാണിച്ച് 14 രാഷ്ട്രീയ പാർടികൾ സുപ്രീംകോടതിയെ സമീപിച്ചതും ഇതിനു പിന്നാലെയാണ്.