ന്യൂഡൽഹി
സുപ്രീംകോടതി ഉത്തരവനുസരിച്ച് ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിന് പഴയ ജോയിന്റ് ഓപ്ഷന്റെ രേഖ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇത് വ്യക്തമാക്കിയത്.
ഓൺലൈൻ പോർട്ടലിൽ പെൻഷൻകാർ പുതിയ ജോയിന്റ് ഓപ്ഷൻ ഫയൽ ചെയ്യുമ്പോൾ ഇവർ സർവീസ് ആരംഭിച്ച കാലത്ത് തൊഴിലുടമ യഥാർഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന വിഹിതം അടച്ചുതുടങ്ങിയതിന്റെ തെളിവുകൂടി ഫയൽ ചെയ്യാനാണ് അറിയിച്ചിരുന്നത്. എന്നാൽ, ആ കാലഘട്ടത്തിൽ ഒരു സ്ഥാപനവും ഏതെങ്കിലും തരത്തിലുള്ള ജോയിന്റ് ഓപ്ഷൻ നൽകുകയോ ഇപിഎഫ്ഒ അത് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതൊന്നും ഇല്ലാതെയാണ് തൊഴിലുടമകളിൽനിന്ന് വിഹിതം സ്വീകരിച്ചതെന്ന് ഇപിഎഫ്ഒ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഉയർന്ന പെൻഷന് അപേക്ഷിക്കുന്നതിൽനിന്ന് ജീവനക്കാരെ തടയുന്നതിനാണ് ഇങ്ങനൊരു വ്യവസ്ഥ വച്ചതെന്ന് വ്യക്തമാണ്.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്നതിനു തുല്യമായ നീക്കമാണിതെന്ന് ചൂണ്ടിക്കാണിച്ച് ജോൺ ബ്രിട്ടാസ് എംപി നേരത്തേതന്നെ തൊഴിൽമന്ത്രിക്ക് കത്തും നൽകിയിരുന്നു. പഴയ ജോയിന്റ് ഓപ്ഷൻ രേഖകൂടി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഇനിയും പോർട്ടലിൽനിന്ന് ഒഴിവാക്കിയിട്ടില്ല. ഇത് സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ശക്തമായ ആശങ്ക ഉയർത്തുന്നതാണെന്നും ബ്രിട്ടാസ് പ്രതികരിച്ചു.