ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ–-ചെൽസി മത്സരം ഗോളില്ലാതെ അവസാനിച്ചു. 43 പോയിന്റുള്ള ലിവർപൂൾ എട്ടാമതും 39 പോയിന്റുമായി ചെൽസി 11–-ാമതുമാണ്. ചെൽസി തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലായിരുന്നു കളി. പക്ഷേ, ചെൽസിക്ക് കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല. ഗ്രഹാം പോട്ടറെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയശേഷമയുള്ള ആദ്യ മത്സരമായിരുന്നു. ബ്രൂണോ സാൽട്ടറിനായിരുന്നു ഇടക്കാല ചുമതല. മാഞ്ചസ്റ്റർ സിറ്റിയോട് തകർന്നടിഞ്ഞ ടീമിൽ മാറ്റങ്ങളുമായാണ് യുർഗൻ ക്ലോപ്പ് ലിവർപൂളിനെ ഇറക്കിയത്. മുഹമ്മദ് സലാ, ട്രെന്റ് അലെക്സാണ്ടർ ആർണോൾഡ്, ആൻഡ്രൂ റോബർട്സൺ, വിർജിൽ വാൻഡിക്ക് എന്നിവർ കളിച്ചില്ല.
ചെൽസിയുടെ ഏറ്റവും മികച്ച അവസരം കിട്ടിയത് കയ് ഹവേർട്ട്സിനായിരുന്നു. പക്ഷേ, പന്ത് വലയിലെത്തിച്ചെങ്കിലും കൈ തട്ടിയതിന് ഗോൾ പിൻവലിച്ചു. മറ്റിയോ കൊവാസിച്ചിന്റെ ശ്രമം ലിവർപൂൾ പ്രതിരോധക്കാരൻ ഇബ്രാഹിമ കൊനാട്ടെ ഗോൾവരയിൽനിന്ന് തടഞ്ഞു. റീസെ ജയിംസ് ലക്ഷ്യം കണ്ടെങ്കിലും ഓഫ് സൈഡായി. ഇതിനിടയിലും പരിക്കുമാറി തിരിച്ചെത്തിയ എൻഗോളോ കാന്റെയുടെ പ്രകടനം ചെൽസിക്ക് ആശ്വാസം പകരുന്നതാണ്. കളംനിറഞ്ഞ് കളിച്ചു ഈ ഫ്രഞ്ചുകാരൻ. പന്ത്രണ്ടിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ചെൽസി.
പ്രീമിയർ ലീഗിലെ മറ്റ് മത്സരങ്ങളിൽ ബ്രൈറ്റൺ രണ്ട് ഗോളിന് ബോണിമൗത്തിനെ കീഴടക്കി. ആസ്റ്റൺ വില്ല 2–-1ന് ലെസ്റ്റർ സിറ്റിയെയും കീഴടക്കി. ബ്രൈറ്റൺ ആറാമതും വില്ല ഏഴാമതുമാണ്.















