ന്യൂഡൽഹി
ഒൻപതുവർഷമായി തുടരുന്ന മോദി ഭരണത്തിനെതിരെ രാജ്യത്തെ തൊഴിലാളികളിലും കർഷകരിലും രൂപംകൊണ്ട അസ്വസ്ഥതയുടെയും രോഷത്തിന്റെയും പ്രതിഫലനമായി മഹാറാലി. വിവിധ കേന്ദ്രങ്ങളിൽനിന്ന് ചെറുപ്രകടനങ്ങളായി രാംലീല മൈതാനത്തേയ്ക്ക് എത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ ഒൻപത് കഴിഞ്ഞതോടെ വൻപ്രകടനങ്ങളാണ് രൂപംകൊണ്ടത്. ബംഗാളിൽനിന്ന് ജില്ലാ അടിസ്ഥാനത്തിലും തൊഴിൽമേഖലാ അടിസ്ഥാനത്തിലും ബാനറുകളുമായി തൊഴിലാളികൾ അണിനിരന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നും ഗണ്യമായ പങ്കാളിത്തം പ്രകടമായി. അത് മതനിരപേക്ഷ, പുരോഗമന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സ്വാധീനം വളരുന്നതിന് തെളിവാണ്. റാലിക്ക് മുന്നോടിയായി ഗ്രാമ–- നഗരങ്ങളിൽ നടന്ന പ്രചാരണപരിപാടികളിലും ദശലക്ഷങ്ങൾ പങ്കുചേർന്നു.

മസ്ദൂർ–-കിസാൻ സംഘർഷ് റാലിയിൽ കേരളത്തിൽനിന്നുള്ള സമര ഭടന്മാർ അജ്മീർ ഗേറ്റിന് സമീപത്ത് നിന്നും പ്രകടനമായി വരുന്നു
പ്രക്ഷോഭകരുടെ ആവശ്യങ്ങൾ
● പദ്ധതി തൊഴിലാളികൾ അടക്കം എല്ലാവർക്കും 26,000 രൂപ മിനിമം വേതനം, മിനിമം പെൻഷൻ 10,000 രൂപയാക്കുക
● കാർഷികവിളകൾക്ക് മൊത്തം കൃഷിച്ചെലവും അതിന്റെ 50 ശതമാനവും ചേർത്തുള്ള മിനിമം താങ്ങുവില നിയമപരമാക്കുക
● നാല് തൊഴിൽ കോഡും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക
● തൊഴിൽസുരക്ഷ ഉറപ്പാക്കുക, തൊഴിൽദിനങ്ങൾ 200 ആയും ദിവസവേതനം 600 രൂപയായും ഉയർത്തി തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നിയമം നടപ്പാക്കുക
● പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ദേശീയ ആസ്തി വിറ്റഴിക്കലും ഉപേക്ഷിക്കുക
● വിലക്കയറ്റം തടയുക, ഭക്ഷ്യസാധനങ്ങളടക്കം അവശ്യവസ്തുക്കൾക്ക് ചുമത്തിയ ജിഎസ്ടി പിൻവലിക്കുക. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക തീരുവ പിൻവലിക്കുക, പാചകവാതക വിലവർധന അവസാനിപ്പിക്കുക.
● വനാവകാശ നിയമം കർശനമായി നടപ്പാക്കുക
● പാർശ്വവൽക്കൃത വിഭാഗങ്ങൾക്കുനേരെയുള്ള കടന്നാക്രമണം തടയുക, സാമൂഹിക നീതി ഉറപ്പാക്കുക
● ഗുണമേന്മയുള്ള ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുക, ദേശീയ വിദ്യാഭ്യാസ നയം (2020) പിൻവലിക്കുക
● എല്ലാവർക്കും പാർപ്പിടം നൽകുക
● അതിസമ്പന്നർക്ക് നികുതി ചുമത്തുക, കോർപറേറ്റ് നികുതി ഉയർത്തുക, സ്വത്ത് നികുതി ഏർപ്പെടുത്തുക
















