ന്യൂഡൽഹി
രാംലീല മൈതാനത്ത് സംഘടിപ്പിച്ച മസ്ദൂർ കിസാൻ സംഘർഷ് റാലി ഡൽഹിയെ ചെങ്കടലാക്കിയപ്പോൾ അതിൽ തലയുയർത്തിനിന്ന് സ്ത്രീകൾ. വിവിധ സംസ്ഥാനങ്ങളിൽനിന്ന് അഭൂതപൂർവമായ സ്ത്രീപങ്കാളിത്തമാണ് ഉണ്ടായത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, യുപി, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടകം, തമിഴ്നാട്, മധ്യപ്രദേശ്, ബംഗാൾ, ഒഡിഷ, അസം, ത്രിപുര, മണിപ്പുർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും അധികം സമരവളന്റിയർമാർ തലസ്ഥാനത്തേക്ക് പ്രവഹിച്ചത്. ഇതിൽ അസമിൽനിന്ന് എത്തിയ ആയിരത്തിയഞ്ഞൂറോളം പ്രതിനിധികളിൽ എൺപത് ശതമാനവും സ്ത്രീകളായിരുന്നു. മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, മണിപ്പുർ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കിസാൻ സഭയും അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷനും കൈവരിച്ച രാഷ്ട്രീയ മേധാവിത്വത്തിന്റെകൂടി തെളിവാണ് അവിടങ്ങളിൽ നിന്നുളള സ്ത്രീപങ്കാളിത്തം. അംഗൻവാടി സ്കീം വർക്കമാർമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി കുറഞ്ഞത് പത്തുസംസ്ഥാനത്ത് ഫെഡറേഷൻ നേതൃത്വത്തിൽ പണിമുടക്കമടക്കം സംഘടിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തടക്കം മഹത്തരമായ സേവനം രാജ്യമെങ്ങും കാഴ്ചവച്ച ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, കുറഞ്ഞ വേതനം 26,000 രൂപയാക്കുക തുടങ്ങിയവ ട്രേഡ് യൂണിയൻ ആവശ്യങ്ങളുമായി ലയിപ്പിച്ചതും റാലിയിൽ സ്ത്രീപങ്കാളിത്തം ഉയരാൻ കാരണമായെന്ന് ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി എ ആർ സിന്ധു വ്യക്തമാക്കി. ഫെഡറേഷൻ അതിശക്തമായ പോരാട്ടങ്ങൾ കാഴ്ചവച്ച ഹരിയാനയിൽനിന്ന് ഭൂരിപക്ഷവും സ്ത്രീകളാണ് പങ്കെടുത്തത്.















