തിരുവനന്തപുരം
കേരള സൂപ്പർ ലീഗ് (കെഎസ്എൽ) ഫുട്ബോൾ നവംബറിൽ. സംസ്ഥാനത്തെ എട്ട് പ്രൊഫഷണൽ ടീമുകളെ പങ്കെടുപ്പിച്ചാണ് ലീഗ്. കെഎസ്എല്ലിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. കേരളത്തിന്റെ ഫുട്ബോൾ മേഖലയെ ഉന്നതതലത്തിലേക്ക് എത്തിക്കാൻ കെഎസ്എല്ലിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊണ്ണൂറ് ദിവസമാണ് ലീഗ്. നാല് വേദികൾ. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയം, കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
സ്കോർലൈൻ സ്പോർട്സ് സംഘടിപ്പിച്ച ചടങ്ങിൽ കെഎസ്എൽ ബ്രാൻഡ് അംബാസഡർ ഐ എം വിജയൻ ഔദ്യോഗികമായി കിക്ക്-ഓഫ് ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി പന്ത് സ്വീകരിച്ചു. കെഎസ്എൽ സിഇഒ മാത്യു ജോസഫ്, സ്കോർലൈൻ സ്പോർട്സ് മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ, പി വി ശ്രീനിജിൻ എംഎൽഎ, കായിക- യുവജനകാര്യവകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ ഐഎഎസ്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് എന്നിവർ പങ്കെടുത്തു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നായിരിക്കും ടീമുകൾ. വിദേശതാരങ്ങളുൾപ്പെടെ ലീഗിൽ പന്ത് തട്ടും.















