തിരുവനന്തപുരം> കിണറ്റിൽ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സമ്മാനം. കിണറ്റിൽ വീണ മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകൻ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ കുട്ടിക്ക് മിഠായിപ്പൊതി നൽകാൻ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് സമ്മാനം കൈമാറിയത്.
ഡോക്ടറുടെ ഫോണിൽ മന്ത്രി വീണാ ജോർജ് വീഡിയോകോൾ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേർന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്നേഹം ഹൃദയത്തെ ആർദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു.
ഇവാൻ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊർന്നിറങ്ങി അനുജനെ ഉയർത്തിയ ശേഷം പൈപ്പിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികൾ കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളിൽ എത്തിക്കുകയായിരുന്നു.