കൊച്ചി> വിവാഹ സീസണിൽ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണവില പുതിയ റെക്കോർഡിലേക്ക് കുതിച്ചുയർന്നു. സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായി പവൻ 45,000 രൂപയിലെത്തി. ബുധനാഴ്ച ഒറ്റയടിയ്ക്ക് പവന് 760 രൂപയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ വർധിച്ച് 5625 രൂപയുമായി. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 48,600 രൂപയിലധികം കൊടുക്കണം.
യുഎസിലെ ബാങ്ക് തകർച്ചകൾ സൃഷ്ടിച്ച ആഘാതത്തിൽ മാർച്ച് 18 ന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഇതിനുമുമ്പുള്ള ഏറ്റവും ഉയർന്ന വില. അതിന് ശേഷം ചാഞ്ചാട്ടത്തിനിടയിൽ വില 43,600 നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും ചൊവ്വാഴ്ച പവന് 480 രൂപ വർധിച്ച് വീണ്ടും മാർച്ച് 18 ലെ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. രണ്ട് ദിവസംകൊണ്ട് പവന് 1240 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2022 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വില ഉയരുന്നതിന് കാരണമായത്.
മാർച്ച് 18 ലെ റെക്കോർഡ് കുതിപ്പിന് ശേഷം വില താഴ്ന്നപ്പോൾ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും വൻകിട നിക്ഷേപകരും കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് വൻതോതിൽ സ്വർണം വാങ്ങികൂട്ടിയതാണ് വില വീണ്ടും ഉയർത്തിയത്.