മനാമ> കുവൈത്തില് 600 ദിനാറില് (ഏതാണ്ട് 1,60,667 രൂപ) താഴെ വരുമാനമുള്ളവരും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരുമായ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സ് പിന്വലിക്കാന് നീക്കം. പ്രവാസി ഡ്രൈവിംഗ് ലൈസന്സുകളുടെ സ്ഥിതി പഠിക്കാനും വിവരങ്ങള് അവലോകനം ചെയ്യാനുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് സമിതി രൂപീകരിച്ചതായി പ്രാദേശിക പത്രം അൽ-ജരീദ റിപ്പോര്ട്ട് ചെയ്തു.
രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കാന് ലക്ഷ്യമിട്ടുളള ഈ തീരുമാനം ഏതാണ്ട് മൂന്നു ലക്ഷം പ്രവാസികളെ ബാധിക്കും.മന്ത്രാലയം തീരുമാനം മുന്കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്നും അല്-ജരീദ പത്രം റിപ്പോര്ട്ട് ചെയ്തു. പുതിയ നീക്കത്തില് ആശയക്കുഴപ്പവും ആശങ്കയും വ്യാപകമായതായും പത്രം പറയുന്നു. ലൈസന്സ് പിന്വലിക്കല് പ്രവാസികളെ മാത്രമല്ല, അവരുടെ തൊഴിലുടമയെയും കമ്പനികളെയും സാരമായി ബാധിക്കും. വിവേചനപരമായ തീരുമാനങ്ങളിലൂടെയല്ല, റോഡ് ഗതാഗത സംവിധാനങ്ങള് മെച്ചപ്പെടുത്തിയാണ് ഗതാഗത പ്രതിസന്ധി പരിഹരിക്കേണ്ടതെന്ന് വിമര്ശകര് ചൂണ്ടിക്കാട്ടി.
റോഡുകള് മെച്ചപ്പെടുത്തല്, പാലങ്ങളും തുരങ്കങ്ങളും നിര്മ്മിക്കല്, പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തല്, ടാക്സി മേഖലയെ നിയന്ത്രിക്കല് എന്നിവയുള്പ്പെടെയുള്ള ബഹുമുഖ പരിഹാരങ്ങള് തേടുന്നതിനു പകരം രാജ്യത്തെ ദുര്ബല വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള തീരുമാനങ്ങളിലേക്ക് മടങ്ങരുതെന്നും ഇവര് ആവശ്യപ്പെട്ടു.
2021-ന്റെ അവസാനത്തില്, ആഭ്യന്തര മന്ത്രാലയത്തിന്റെ മുന് അണ്ടര്സെക്രട്ടറി ലെഫ്റ്റനന്റ് ജനറല് ഷെയ്ഖ് ഫൈസല് അല്-നവാഫിന്റെ സമാനമായ തീരുമാനത്തിനെതിരെ അല്-ജരിദ നടത്തിയ കാമ്പെയ്ന് ഫലമായി തീരുമാനം ഉപേക്ഷിച്ചിരുന്നു. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സുകള് അക്കാദമിക് യോഗ്യതയും തൊഴില് തസ്തികയുമായി ബന്ധിപ്പിക്കാനും മതിയായ യോഗ്യത ഇല്ലാത്തവരുടെ ലൈസന്സ് പിന്വലിക്കാനുമുള്ള പദ്ധതിയാണ് അന്ന് ഉപേക്ഷിച്ചത്.