ന്യൂഡൽഹി> രാജ്യത്തെ ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപാദനം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ അഞ്ചു വർഷത്തെ ആഭ്യന്തര ക്രൂഡ് ഓയിൽ- പ്രകൃതി വാതക ഉല്പാദനത്തെ കുറിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ വെളിപ്പെട്ടത്.
രാജ്യത്തെ ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപാദനം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ക്രമാനുഗതമായി കുറഞ്ഞുവരുന്നതായാണ് കേന്ദ്രസർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാകുന്നു. 2017-18ൽ 35.7 മില്യൺ മെട്രിക് ടൺ ഉണ്ടായിരുന്ന ആഭ്യന്തര ക്രൂഡ് ഓയിൽ ഉല്പാദനം 2021-22 ആയപ്പോഴേക്കും 29.7 മില്യൺ മെട്രിക് ടൺ ആയി ചുരുങ്ങി. ഇതേപോലെ പ്രകൃതി വാതകത്തിന്റെ ഉല്പാദനം സംബന്ധിച്ചുള്ള കണക്കുകൾ പ്രകാരം 2017-18ൽ 32.65 ബില്യൺ ക്യുബിക് മീറ്റർ ഉണ്ടായിരുന്ന ഉല്പാദനം 2020-21 ആയപ്പോഴേയ്ക്കും 28.67 ബില്യൺ ക്യുബിക് മീറ്റർ ആയി കുറഞ്ഞു. എന്നാൽ 2021-22ൽ നില മെച്ചപ്പെടുത്തി 34.02 ബില്യൺ ക്യുബിക് മീറ്ററായി എന്നും കേന്ദ്രം നൽകിയ മറുപടിയിൽ വെളിവാകുന്നു.
എണ്ണ – പ്രകൃതി വാതകത്തിന്റെ ആഭ്യന്തര ഉല്പാദനത്തിൽ രാജ്യത്തിന്റെ സ്ഥിതി ഒട്ടും ആശാവഹമല്ല. ക്രൂഡ് ഓയിലിന്റെയും പ്രകൃതി വാതകത്തിന്റെയും ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷങ്ങളിൽ ആവിഷ്കരിച്ചെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അതൊന്നും തന്നെ ഉദ്ദേശിച്ച ഫലം നൽകിയില്ല. ആഭ്യന്തര ഉല്പാദനത്തിൽ പുരോഗതി കൈവരിച്ചാൽ മാത്രമേ പതിറ്റാണ്ടുകളായി എണ്ണ– പ്രകൃതിവാതക ഇറക്കുമതിയിലൂടെ രാജ്യത്തിന്റെ വിദേശനാണ്യത്തിലുണ്ടാകുന്ന ചോർച്ച ഒഴിവാക്കാൻ കഴിയൂ എന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.