കൊച്ചി
പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാൻ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിനോട് ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്ത് വിവിധ മാലിന്യസംസ്കരണ സംവിധാനത്തെക്കുറിച്ച് മലിനീകരണ നിയന്ത്രണബോർഡ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നിർദേശം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
കൊച്ചി നഗരസഭയുടെ ഖരമാലിന്യ സംസ്കരണ കരാർ കമ്പനിയുമായുള്ള ഇടപാടുരേഖകൾ കോടതി നിയോഗിച്ച അമിക്കസ്ക്യൂറിക്ക് ചൊവ്വാഴ്ചയ്ക്കകം കൈമാറണം. രേഖകൾ വിശദമായി പരിശോധിച്ചശേഷം റിപ്പോർട്ട് 10ന് അമിക്കസ്ക്യൂറി കോടതിക്ക് കൈമാറണമെന്നും നിർദേശിച്ചു.
സംസ്ഥാനത്തെ മാലിന്യസംസ്കരണത്തിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കലക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി നഗരസഭ, മലിനീകരണ നിയന്ത്രണബോർഡ് എന്നിവർ സത്യവാങ്മൂലം നൽകി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.