തിരുവനന്തപുരം
നടപ്പുസാമ്പത്തിക വർഷത്തിൽ 25,000 കിലോ ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു. മുൻ സാമ്പത്തികവർഷം കേന്ദ്രം അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതം 50 ശതമാനം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്യുന്നതിന് 2021– 22 സാമ്പത്തികവർഷത്തിൽ ഒരു പാദത്തിൽ 6480 കി.ലി. മണ്ണെണ്ണയും 2022–-23 സാമ്പത്തിക വർഷത്തിൽ ഒരു പാദത്തിൽ 40 ശതമാനം വെട്ടിക്കുറച്ച് 3888 കി.ലി. മണ്ണെണ്ണയുമാണ് അനുവദിച്ചത്. നിലവിൽ ഇതിൽ 50 ശതമാനം കുറവാണ് കേന്ദ്രം വരുത്തിയത്. മത്സ്യബന്ധനം, കൃഷി തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്കായാണ് കേന്ദ്ര സർക്കാർ നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്.
2021 -–-22ൽ എഎവൈ, പിഎച്ച്എച്ച് കാർഡുടമകൾക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുടമകൾക്ക് മൂന്നുമാസത്തിലൊരിക്കല്‍ അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതി കണക്ഷന് ലഭ്യമല്ലാത്ത കാർഡുടമകൾക്ക് എട്ട് ലിറ്റർ മണ്ണെണ്ണയും അനുവദിച്ചിരുന്നു. 2022 -–-23ൽ കേന്ദ്ര വിഹിതം കുറഞ്ഞതോടെ മണ്ണെണ്ണയുടെ അളവും കുറഞ്ഞു. പുതിയ സാഹചര്യത്തിൽ എഎവൈ, പിഎച്ച്എച്ച് കാർഡുടമകൾക്ക് മാത്രമായി അര ലിറ്റർ മണ്ണെണ്ണ നൽകേണ്ടിവരുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
2021– 22 കാലയളവിൽ 21,888 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022 –-23ൽ 7160 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചത്. 2023–-24 സാമ്പത്തിക വർഷത്തിൽ ആദ്യ അലോട്ട്മെന്റായി 1296 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മണ്ണെണ്ണയുടെ ലഭ്യതക്കുറവ് മത്സ്യബന്ധനത്തൊഴിലാളികളെയടക്കം സാരമായി ബാധിച്ചു. സംസ്ഥാനത്തുള്ള 14,332 മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് മാസം 2300 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്.