വാഷിങ്ടൺ
അരനൂറ്റാണ്ടിനു ശേഷമുള്ള ആദ്യ മനുഷ്യ ചാന്ദ്രയാത്രയ്ക്ക് സജ്ജമായി നാസ. ആർട്ടെമിസ് 2 ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലുപേരെ പ്രഖ്യാപിച്ചു. നാസയുടെ മൂന്നും കനേഡിയൻ സ്പേസ് എജൻസിയുടെ ഒരാളുമാണ് ചന്ദ്രനിലേക്ക് പോകുക. ഫ്ളൈറ്റ് എൻജിനിനിയറായ ക്രിസ്റ്റിന കച്ചാ (നാ സ) ണ് സംഘത്തിലെ ഏക വനിത. നാസയുടെ റിയ്ദ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ. പൈലറ്റ് വിക്ടർ ഗ്ലോവർ(നാസ), ജെർമി ഹാൻസൻ(ക്യാനഡ) എന്നിവരാണ് മറ്റുള്ളവർ.
നാസ ജോൺസൺ സ്പേയ്സ് സെന്ററിൽ തിങ്കൾ രാത്രിയാണ് അഡ്മിനിസ്ട്രറ്റർ ബിൽ നെൽസണ്‍ ദൗത്യാംഗങ്ങളെ പ്രഖ്യാപിച്ചത്. ചന്ദ്രനിൽനിന്ന് ചൊവ്വയിലേക്കും അവിടെനിന്ന് അപ്പുറത്തേക്കുമുള്ള മനുഷ്യന്റെ വലിയ യാത്രയ്ക്കുള്ള തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ച അമ്പതിലധികം പേരിൽ നിന്നാണ് നാലു പേരെ തെരഞ്ഞെടുത്തത്. അടുത്ത വർഷം നവംബറിലാണ് ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം ഗഗനചാരികൾ മടങ്ങും. നാല് ലക്ഷം കിലോമീററർ അകലെയുള്ള ചന്ദ്രനിലേക്കും തിരിച്ചും പത്തു ദിവസം നീളുന്ന യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 2025ൽ ആർട്ടെമിസ് മൂന്നാം ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യകോളനികൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ആർട്ടെമിസ് ദൗത്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടർച്ചയായി 328 ദിവസം താമസിച്ച വനിതയെന്ന റിക്കാർഡിന് ഉടമയാണ് ക്രിസ്റ്റിന. 1972 ഡിസംബറിൽ അപ്പോളോ–- 17 ആയിരുന്നു അവസാനത്തെ മനുഷ്യ ചാന്ദ്ര ദൗത്യം.