ന്യൂഡൽഹി
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ വിളിച്ചുചേർത്ത സാമൂഹ്യനീതി കോൺക്ലേവ് പ്രതിപക്ഷഐക്യ വേദിയായി.
ഇരുപതോളം പ്രതിപക്ഷ പാർടികൾ അണിനിരന്ന യോഗം ബിജെപിയുടെ പിന്നാക്കവിരുദ്ധ നിലപാട് തുറന്നുകാട്ടുന്നതിന് ജാതി സെൻസസ് മുഖ്യവിഷയമായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചു. സംവരണം മാത്രമല്ല, പിന്നാക്കവിഭാഗങ്ങളെ സാമ്പത്തികമായും ശാക്തീകരിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. രണ്ടുവർഷംകൊണ്ട് രാജ്യത്ത് സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40.5 ശതമാനവും രണ്ടുശതമാനം പേരിലേക്ക് കേന്ദ്രീകരിച്ചു.
കോർപറേറ്റ് വർഗീയ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പോരാട്ടം വേണം–- യെച്ചൂരിയുടെ നിലപാടിനോട് മറ്റുകക്ഷികളും യോജിച്ചു. ജാതി സെൻസസ് ഇല്ലെങ്കിൽ സെൻസസ് തന്നെ ബഹിഷ്കരിക്കുമെന്ന് ആർജെഡി നിലപാടെടുത്തു. ബിഹാറിലെ മഹാസഖ്യ സർക്കാർ തുടങ്ങിയ ജാതി സെൻസസിന് തുരങ്കം വയ്ക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. സാമൂഹ്യനീതിക്കുവേണ്ടി ഒറ്റക്കെട്ടാകണമെന്ന് സ്റ്റാലിൻ ആഹ്വാനംചെയ്തു. മുഖ്യമന്ത്രിമാരായിരുന്ന മുലായത്തിന്റെയും കരുണാധിനിയുടെയും കൂടിക്കാഴ്ച എസ്പി നേതാവ് അഖിലേഷ് യാദവ് അനുസ്മരിച്ചു.
ഡൽഹിയിലും ചെന്നൈയിലുമായി ഓൺലൈനിൽ സംഘടിപ്പിച്ച യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആർജെഡി നേതാവ് മനോജ് ഝാ, ബിആർഎസ് നേതാവ് കെ കേശവ് റാവു, എംഡിഎംകെ നേതാവ് വൈകോ, കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ, എഎപി എംപി സജ്ജയ് സിങ്, എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ, മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ തുടങ്ങിയവരും പങ്കെടുത്തു. വിട്ടുനിന്ന വൈഎസ്ആർ കോൺഗ്രസ്, ബിജെഡി കക്ഷികളോട് പ്രതിപക്ഷ ഐക്യത്തിൽ സഹകരിക്കാനും നേതാക്കൾ അഭ്യർഥിച്ചിട്ടുണ്ട്.