കൊല്ലം
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ച സാഹചര്യത്തിൽ പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾക്കും വൈദ്യുതി കണക്ഷൻ ഉള്ളതും ഇല്ലാത്തതുമായ കുടുംബങ്ങൾക്കും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ അളവ് 30 ശതമാനം കുറയും. കേന്ദ്രസർക്കാർ നടപടിയിൽ തീരപ്രദേശത്ത് പ്രതിഷേധം കനത്തു. പരമ്പരാഗത തൊഴിലാളികളും കുടുംബങ്ങളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പത്ത് കുതിരശക്തിയുള്ള (എച്ച്പി) വള്ളങ്ങൾക്ക് 129 ലിറ്ററും 15 വരെയുള്ളതിന് 136 ലിറ്ററും അതിനു മുകളിലുള്ളതിന് 180 ലിറ്ററുമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് യഥാക്രമം 90, 95, 126 ലിറ്ററായി കുറയും.
വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ഒരു കാർഡിന് മൂന്നുമാസത്തേക്ക് ആറുലിറ്റർ ലഭിച്ചിരുന്നത് നാലായി കുറയും. വൈദ്യുതിയുള്ള കുടുംബത്തിന് അര ലിറ്റർ മണ്ണെണ്ണ തുടരും. ഇതിൽ കുറച്ച് അളക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണിത്. പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾക്കും കുടുംബങ്ങൾക്കും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ 70 ശതമാനം നൽകാനുള്ളതേ കേന്ദ്രത്തിൽനിന്നു ലഭിക്കൂ. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) വഴി നൽകിയിരുന്ന മണ്ണെണ്ണവിഹിതം 3888 കിലോ ലിറ്റർ (38.88 ലക്ഷം ലിറ്റർ) 1944 കിലോ ലിറ്ററായും മീൻപിടിത്ത മേഖലയ്ക്ക് നോൺ പിഡിഎസ് വിഹിതമായി ലഭിച്ചിരുന്ന 2160 കിലോ ലിറ്റർ 1296 കിലോ ലിറ്ററുമായാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്.
സംസ്ഥാനത്ത് പെർമിറ്റ് ലഭിച്ച 14481 ഔട്ട്ബോഡ് എൻജിൻ വള്ളങ്ങളിൽ ഏറെയും പത്തിനു താഴെ കുതിരശക്തിയുള്ളതാണ്. ഇവ ഒരുമണിക്കൂറിൽ പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് എട്ടുലിറ്റർ മണ്ണെണ്ണ വേണം. ദിവസം ഏഴുമണിക്കൂർ എന്ന കണക്കിൽ ഒരുമാസം 25 ദിവസം എൻജിൻ പ്രവർത്തിപ്പിക്കുന്നതിന് 1400 ലിറ്റർ മണ്ണെണ്ണ വേണ്ടിവരും.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണംചെയ്യുന്നത് ആശ്വാസമാകുന്നുണ്ട്. പത്ത് എച്ച്പി വരെയുള്ള എൻജിനുകൾക്ക് 140 ലിറ്ററും 15 വരെയുള്ളതിന് 150 ലിറ്ററും 15നു മുകളിൽ 190 ലിറ്റർ മണ്ണെണ്ണയും നിലവിൽ ഓരോ മാസവും നൽകുന്നു. ഇതിൽ കുറവു വരുന്നില്ല. ലിറ്ററിന് 101 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. ഇതിൽ 25 രൂപ സർക്കാർ സബ്സിഡിയായി പെർമിറ്റ് ഉടമയുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നു.