ന്യൂഡൽഹി
“മുഗൾചരിത്രവും’ “ജനാധിപത്യവും’ കുട്ടികള്‍ പഠിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കി. 12–ാം ക്ലാസ് ചരിത്ര പുസ്തകത്തിൽനിന്നാണ് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയത്.
പന്ത്രണ്ടാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി -പാർട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്സ് ആൻഡ് ക്രേണിക്ക്ൾസ് ; ദി മുഗൾ കോർട്സ്’ എന്ന അധ്യായമാണ് വെട്ടിയത്. ഹിന്ദി പാഠപുസ്തകങ്ങളിൽനിന്ന് ചില കവിതകളും നീക്കംചെയ്യും. പൗരധർമ പുസ്തകവും പരിഷ്കരിച്ചിട്ടുണ്ട്. ഇതിൽനിന്ന് ലോകരാഷ്ട്രീയത്തിലെ അമേരിക്കൻ ആധിപത്യവും ശീതയുദ്ധകാലവും സംബന്ധിച്ച ‘അമേരിക്കൻ ഹെജിമണി ഇൻ വോൾഡ് പൊളിറ്റിക്സ്, ദി കോൾഡ് വാർ എറ’ എന്നീ രണ്ട് അധ്യായമാണ് നീക്കംചെയ്തത്. ‘സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ രാഷ്ട്രീയം’ എന്ന പാഠപുസ്തകത്തിൽനിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏക പാർടി ആധിപത്യകാലം എന്നീ അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്. 10ഉം 11ഉം ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന് ‘ജനാധിപത്യവും ബഹുസ്വരതയും’, ‘ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും’, ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്നീ പാഠഭാഗങ്ങളും ഒഴിവാക്കി.
പതിനൊന്നാം ക്ലാസിലെ ‘തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’ എന്ന പുസ്തകത്തിൽനിന്ന് ‘സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്സ്’, ‘ഇൻഡസ്ട്രിയൽ റെവല്യൂഷൻ’ തുടങ്ങിയ അധ്യായങ്ങളും ഒഴിവാക്കി. 2023–-24 അധ്യയനവർഷംമുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽവരുമെന്ന് എൻസിഇആർടി അറിയിച്ചു.