കോഴിക്കോട്
ഓടിക്കൊണ്ടിരിക്കെ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ചു തീവച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിലെ നോട്ട് പുസ്തകത്തിൽ ഷാറൂഖ് സെയ്ഫി, നോയിഡ എന്നുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റതായി വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. സംഭവം നടന്ന എലത്തൂരിലെ ട്രാക്കിന് എതിർവശം ദേശീയപാതയോട് ചേർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന് മുൻവശം രക്തക്കറ കണ്ടെത്തി. ഇവിടെയും ഫോറൻസിക് സംഘം പരിശോധന നടത്തി.
ഞായറാഴ്ച രാത്രി 9.24ന് ട്രെയിൻ എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിടുമ്പോഴാണ് ഡി–-2 ബോഗിയിൽ നിന്നും ഡി–-1 ബോഗിയിലെത്തിയ അജ്ഞാതൻ കൈയിൽ കരുതിയ കുപ്പിയിൽനിന്ന് പെട്രോൾ യാത്രക്കാരുടെ ദേഹത്തേക്ക് തളിച്ചശേഷം തീകൊളുത്തിയത്. ഭയന്ന് ട്രെയിനിൽനിന്ന് പുറത്തുചാടിയ ഒരു കുട്ടിയടക്കം മൂന്നുപേർ മരിച്ചു. ഒമ്പത് യാത്രക്കാർക്ക് പൊള്ളലേറ്റു.
പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗാണ് കേസിലെ നിർണായക തെളിവ്. എന്നാൽ, സംഭവശേഷം പ്രതി ഇത്തരം വിവരങ്ങൾ അവശേഷിപ്പിക്കാനുള്ള സാധ്യതയിലും പൊലീസിന് സംശയമുണ്ട്. ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രവർത്തനരഹിതമാണ്. ചാർജറും ഈ ഫോണിന്റേതല്ല. നോട്ട് പുസ്തകത്തിലെ കുറിപ്പുകളിൽ വ്യക്തിവിവരങ്ങളാണുള്ളത്. ആശാരിപ്പണിക്കാരനാണെന്ന സൂചനയുമുണ്ട്.
ഇതിനിടെ എലത്തൂർ കാട്ടിലപീടിക ജുമാമസ്ജിദ് പള്ളിയിലെ നിരീക്ഷണ കാമറയിൽനിന്ന് യുവാവ് ദേശീയപാതയിൽ ബൈക്കിൽ കയറി പോകുന്ന ദൃശ്യം ലഭിച്ചു. വിശദാന്വേഷണത്തിൽ ഇത് പ്രതിയുടേതല്ലെന്നും മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർഥിയുടേതാണെന്നും തെളിഞ്ഞു. കൊലപാതകശ്രമം, പൊതുമുതൽ തീയിട്ട് നശിപ്പിക്കൽ, ആളുകളെ ഗുരുതരമായി പരിക്കേൽപ്പിക്കൽ, റെയിൽവേ സുരക്ഷാനിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് റെയിൽവേ പൊലീസ് കേസെടുത്തത്. കേസന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമന്റെ നേതൃത്വത്തിൽ 18 അംഗ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
കണ്ണുകൾനിറച്ച് അവർ മടങ്ങി
എലത്തൂർ റെയിൽവേ ട്രാക്കിൽ തീ ആളിപ്പടരുന്നത് കണ്ട് പ്രാണരക്ഷാർഥം ചാടി ജീവൻ നഷ്ടമായ മൂന്നുപേരടെയും മൃതദേഹങ്ങൾ ഖബറടക്കി. കണ്ണൂർ മട്ടന്നൂർ പാലോട്ട് പള്ളി ബദ്രിയ മൻസിൽ റഹ്മത്ത് (45), സഹോദരിയുടെ മകൾ ചാലിയം കുന്നുമ്മൽ വീട്ടിൽ സഹ്റ ബത്തൂൽ (രണ്ട്), മട്ടന്നൂർ കൊടോളിപുറം പുതിയപുര കൊട്ടാരത്തിൽ വീട്ടിൽ കെ പി നൗഫീഖ് (35) എന്നിവരുടെ മൃതദേഹമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഖബറടക്കിയത്.
റഹ്മത്തിന്റെ മൃതദേഹം പാലോട്ടുപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിലും നൗഫീക്കിന്റേത് എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും രണ്ടര വയസ്സുകാരി സഹറ ബത്തൂലിന്റേത് കോഴിക്കോട് ചാലിയം ജുമാ മസ്ജിദ് ഖബർസ്ഥാനിലുമാണ് ഖബറടക്കിയത്. മൂവർക്കും പൊള്ളലേറ്റിട്ടില്ല. തലക്കായിരുന്നു പരിക്ക്.
റഹ്മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹം ട്രാക്കിനരികിലും സഹ്റയുടേത് ട്രാക്കിനുള്ളിലുമായിരുന്നു. കോഴിക്കോട് കടലുണ്ടിപഞ്ചായത്ത് ഓഫീസിനുസമീപം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെ മകളാണ് സഹ്റ ബാത്തൂൽ (രണ്ടു വയസ്സ്). ഉമ്മ: ജസീല. സഹോദരി: ആയിശ ഹന്ന. സി എം ഷറഫുദ്ദീനാണ് റഹ്മത്തിന്റെ ഭർത്താവ്. മകൻ: റംഷാദ് (ബംഗളൂരു). സഹോദരങ്ങൾ: ഹമീദ്, ഹുസൈൻ, സത്താർ, സഅദ് സഖാഫി, ജുബൈരിയ, ജസീല.
മലപ്പുറം ആക്കോട് യത്തീംഖാനയിൽ നോമ്പുതുറയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കെ പി നൗഫീഖ്. കൊടോളിപ്രം വരുവാക്കുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് പരേതരായ അബൂബക്കറിന്റെയും പാത്തുമ്മയുടെ മകനാണ്. ഭാര്യ: ബുഷറ. മക്കൾ: ഹുദ, ഫിദ (ഇരുവരും കുന്നോത്തുപറമ്പ് യുപി സ്കൂൾ വിദ്യാർഥികൾ), മുഹമ്മദ് ഇസ്മയിൽ. സഹോദരങ്ങൾ: സക്കീന, നാസർ, ഷഫീക്ക്, സെനീറ, സലീം, നൗഷാദ്, നൗഫൽ, പരേതയായ സുഹറ.