കോഴിക്കോട്
‘ഡി–-2 കോച്ചിൽനിന്നാണ് ആൾ നടന്നുവന്നത്. ഡി–-1 ലേക്ക് കടന്നയുടൻ പെട്രോൾ കുപ്പി തുറന്നു.’’–- തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തേക്കാളേറെ നടുക്കമാണ് അക്രമിയെക്കുറിച്ച് പറയുമ്പോൾ പിണറായി സ്വദേശി പി വി ലതീഷിന്. ‘സീറ്റിൽനിന്ന് എഴുന്നേറ്റ് രക്ഷപ്പെടാനായി ഡി–-2 കോച്ചിലേക്കാണ് ഓടിയത്. അക്രമിയെ പിന്നിടുമ്പോഴേക്കും തീ ഉയർന്നു. ആളിപ്പടർന്നതോടെ ആളുകൾ പേടിച്ച് എങ്ങോട്ടൊക്കെയൊ ഓടി.’– കെഎസ്ഇബി അസി. എക്സിക്യുട്ടീവ് എൻജിനിയറായ- ലതീഷ് പറഞ്ഞു.
യാത്രക്കാരിലേറെയും കോഴിക്കോട് ഇറങ്ങിയതോടെ മുക്കാലും കാലിയായ കോച്ചിൽ ആദ്യസീറ്റുകളിലായിരുന്നു ലതീഷും സുഹൃത്തുക്കളും.കുപ്പിതുറക്കുന്നതു കണ്ടപ്പോൾ ആത്മഹത്യചെയ്യാനുള്ള ശ്രമമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പെട്ടെന്ന് ആളുകൾക്കുനേരെ പെട്രോൾ ചീറ്റി. യാത്രക്കാരിലേറെയും ഇരിക്കുകയായിരുന്നു. യാത്രക്കാർ ചങ്ങല വലിച്ച് വണ്ടി നിർത്തിയപ്പോഴേക്കും അക്രമിച്ചയാൾ എവിടേക്കോ മറഞ്ഞു. പാലത്തിനു മുകളിലായിരുന്നു കോച്ച്. പരിക്കേറ്റവരിൽ ചിലരെ പുതപ്പിൽ പൊതിഞ്ഞ് മറ്റ് കോച്ചുകളിലൂടെയാണ് പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.സുഹൃത്തുക്കളായ പ്രകാശൻ, ജ്യോതീന്ദ്രനാഥ് എന്നിവർക്ക് പൊള്ളലേറ്റു. ഇവർക്കൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. തിങ്കൾ രാവിലെ തിരിച്ചുപോയി. പ്രകാശൻ ആശുപത്രി വിട്ടു. ജ്യോതീന്ദ്രനാഥ് ചികിത്സയിലാണ്.