മംഗളൂരു
കർണാടകത്തിൽ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും തമ്മിലുള്ള ചേരിപ്പോരിനൊപ്പം സ്ഥാനാർഥി മോഹികളുടെ തമ്മിലടി മൂര്‍ച്ഛിച്ചതോടെ വലഞ്ഞ് കോൺഗ്രസ്. സ്ഥാനാർഥിത്വം ആഗ്രഹിക്കുന്ന നേതാക്കളുടെ അനുയായികൾ തിങ്കളാഴ്ച കോൺഗ്രസ് ആസ്ഥാനം വളഞ്ഞ് പ്രതിഷേധിച്ചു. ഡി കെ ശിവകുമാറിനെ തടഞ്ഞുവച്ചു. കോൺഗ്രസ് രണ്ടാം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് നാടകീയ സംഭവങ്ങൾ.
കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചൊവ്വാഴ്ച രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചേക്കും. തരികെരെ മണ്ഡലത്തിലെ സീറ്റ് മോഹി എച്ച് എം ഗോപീകൃഷ്ണയുടെയും മൊളകലൂർ മണ്ഡലത്തിൽ സീറ്റ് പ്രതീക്ഷിച്ച യോഗേഷ്ബാബുവിന്റെയും അനുയായികളാണ് പ്രധാനമായും ബംഗളൂരു ആസ്ഥാനത്ത് എത്തിയത്. ബിജെപിയിൽനിന്ന് മറുകണ്ടം ചാടിയ എത്തിയ നേതാവാണ് ഗോപീകൃഷ്ണ. സുള്ള്യയിൽ തന്നെ ഒഴിവാക്കി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ എച്ച് എം നന്ദകുമാറും പ്രതിഷേധത്തിലാണ്. ഡി കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും കണ്ട് അനുയായികൾ പരാതി അറിയിച്ചു. ഏപ്രിൽ ഒമ്പതിന് വിമത കൺവൻഷനും പ്രഖ്യാപിച്ചിട്ടുണ്ട്.