ന്യൂഡൽഹി
ഉത്തർപ്രദേശിൽ മീററ്റിനു സമീപം മല്യാനയിൽ 36 വർഷംമുമ്പ് മുസ്ലിംവിഭാഗത്തിൽപെട്ട 72 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ 39 പ്രതികളെ വിചാരണ കോടതി വിട്ടയച്ചു. കോൺഗ്രസ് നേതാവ് വീർ ബഹാദൂർസിങ് മുഖ്യമന്ത്രിയായിരിക്കെ 1987 മെയ് 23നാണ് കേസിന് ആസ്പദമായ സംഭവം. വംശീയഹത്യക്ക് കുപ്രസിദ്ധമായ പിഎസി (പ്രോവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി) സേനാംഗങ്ങളും ഒരു വിഭാഗം നാട്ടുകാരും ചേർന്ന് മല്യാന ഗ്രാമം വളഞ്ഞ് തോക്കും വാളും അടക്കമുള്ള ആയുധങ്ങൾകൊണ്ട് കൂട്ടക്കൊല നടത്തിയെന്നാണ് കേസ്. ആകെ 93 പേരായിരുന്നു പ്രതികൾ. 23 പേർ വിചാരണക്കാലത്ത് മരിച്ചു. 31 പേരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവച്ചും വെട്ടിയും തീകൊളുത്തിയും ഗ്രാമവാസികളെ കൊലപ്പെടുത്തിയെന്ന് ദൃക്സാക്ഷികൾ കേസിന്റെ വിചാരണ നടന്ന മീററ്റ് ജില്ലാ സെഷൻസ് കോടതിയിൽ മൊഴി നൽകിയിരുന്നു. കുട്ടികളടക്കം ഒരു കുടുംബത്തിലെ 11 പേരെ വെടിവച്ചിട്ടശേഷം കിണറ്റിൽ തള്ളി.
എന്നാൽ, അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രോസിക്യൂഷനും ഇരകളുടെ ആശ്രിതർക്ക് നിയമസഹായം നൽകിയവരും ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽനിന്ന് പേരുകൾ എടുത്താണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്ന് ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇരകളുടെ ആശ്രിതർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അലാവുദ്ദീൻ സിദ്ദിഖി പറഞ്ഞു.