കോഴിക്കോട്
‘എനിക്ക് കൂടുതൽ മെച്ചപ്പെട്ട മനുഷ്യനാകണം. ലഹരി ഉപയോഗം കുറയ്ക്കണം. നിസ്കാരവും യോഗയും നിർബന്ധമാക്കണം’–- കോഴിക്കോട് ട്രെയിനിൽ യാത്രക്കാരെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗിൽനിന്ന് കിട്ടിയ നോട്ടുപുസ്തകത്തിലെ കുറിപ്പാണിത്. പൂർണമായും വ്യക്തിവിവരങ്ങളുള്ള കുറിപ്പിൽ ഷാറൂഖ് സെയ്ഫി കാർപന്റർ, നോയ്ഡ എന്നുമുണ്ട്. എലത്തൂർ റെയിൽവേ സ്റ്റേഷന് നൂറുമീറ്റർ അകലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയുടെ പിറകിലുള്ള റെയിൽവേ ട്രാക്കിലാണ് ബാഗ് കണ്ടെത്തിയത്. തൊട്ടടുത്ത് ജാക്കറ്റും ബനിയനും കണ്ടെത്തി.
അതിരാവിലെ എണീക്കണം, രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം, നിസ്കാരം നിർബന്ധമാക്കണം, ഖുറാൻ ഉച്ചത്തിൽ വായിക്കണം, ഒരു മണിക്കൂർ യോഗചെയ്യണം, പുസ്തകം വായിക്കണം തുടങ്ങിയ കാര്യങ്ങളാണ് നോട്ടുപുസ്തകത്തിലുള്ളത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുത്തുകൾ. നോട്ട് പാഡിൽ ചിറയിൻകീഴ്,വർക്കല, തിരുവനന്തപുരം,കോവളം, കുളച്ചൽ തുടങ്ങിയ സ്ഥലപ്പേരുകളുണ്ട്. മൊബെൽ ഫോൺ, പെട്രോൾ, ടിഫിൻ ബോക്സ്, കണ്ണട, നോട്ടുബുക്ക്, പേന, പെൻസിൽ, പെൻസിൽ കട്ടർ എന്നിവയാണ് ബാഗിലുള്ളത്. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിലാണ്. ചാർജർ ഈ മൊബൈൽ ഫോണിന്റേതല്ല. ജീവിതച്ചെലവ് ചുരുക്കണം, കഫീൻ, പുകയില എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും കുറിപ്പിലുണ്ട്.