ന്യൂഡൽഹി
രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ വർഗീയ സംഘർഷങ്ങൾക്ക് അയവില്ലാതെ ബിഹാർ. നളന്ദ ജില്ലയിലെ ബിഹാർഷെരീഫിൽ ശനി അർധരാത്രി ഉണ്ടായ വെടിവയ്പിൽ പരിക്കേറ്റ പതിനാറുകാരൻ ഗുൽഷൻ കുമാർ കൊല്ലപ്പെട്ടു. പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണമെന്ന് പൊലീസ് പറഞ്ഞു. ലഹേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സംഘം വെടിവയ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. നിരോധനാജ്ഞ നിലനിൽക്കുന്ന നളന്ദ, റോഹ്താസ് ജില്ലകളിൽ വീണ്ടും സംഘർഷവും കല്ലേറുമുണ്ടായി. പൊലീസുകാർക്കടക്കം പത്തുപേർക്ക് പരിക്കേറ്റു.
ബിഹാർഷെരീഫ് നഗരത്തിലെ പഹാർപുര, ബനൂലിയ, അലിനഗർ, ബസാർ ബിഘ, ഖസ്ഗഞ്ച്, കൊണാസരായ് പ്രദേശങ്ങളിലും തുടർ സംഘർഷങ്ങളുണ്ടായി. ഇവിടെ സംഘടിച്ചെത്തിയ ഇരുവിഭാഗങ്ങളും നടത്തിയ കല്ലേറിലും അക്രമത്തിലും പതിനാറോളം പേർക്ക് പരിക്കുണ്ട്. ഇരു ജില്ലകളിലും വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. നൂറോളം പേർ അറസ്റ്റിലായി.
സാസാറാം പട്ടണത്തിലെ ഷാജാമ പ്രദേശത്ത് ശനി വൈകിട്ട് നടന്ന സ്ഫോടനത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. ബോംബ് കൊണ്ടുപോകവെ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേർ പിടിയിലായി. തുടർ അക്രമസാധ്യത പരിഗണിച്ച് വിവിധ ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല യോഗം വിളിച്ച് ക്രമസമാധാന നില വിലയിരുത്തി. വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അക്രമങ്ങൾ ആസൂത്രിതമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും നിതീഷ് പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം പത്തുകമ്പനി കേന്ദ്രസേന ബിഹാറിലെത്തി. കർണാടകം, ബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ രാമനവമിയുടെ മറവിൽ തീവ്രഹിന്ദുത്വവാദികൾ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ബംഗാളിലും മഹാരാഷ്ട്രയിലും ഒരാൾ വീതം കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
വർഗീയ കലാപം മുതലെടുക്കാൻ
അമിത് ഷാ; തിരിച്ചടിച്ച് മഹാസഖ്യം
രാമനവമി ആഘോഷങ്ങൾക്കിടെ ബിഹാറിലെ വിവിധയിടങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷത്തെ മുതലെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രമം. ബിജെപി അധികാരത്തിൽ എത്തിയാൽ അക്രമികളെ തലകീഴായി കെട്ടിത്തൂക്കുമെന്ന് നവാഡ ജില്ലയിലെ പരിപാടിയിൽ പറഞ്ഞ ഷാ, സംസ്ഥാനത്തെ 40 ലോക്സഭാ സീറ്റിലും ബിജെപി ജയിക്കുമെന്നും അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിനുശേഷം മഹാസഖ്യത്തെ താഴയിറക്കി ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ലാലുവിന്റെയും നിതീഷിന്റെയും പ്രീണന രാഷ്ട്രീയമാണ് ബിഹാറിൽ തീവ്രവാദം വളർത്തിയതെന്നും ഷാ ആരോപിച്ചു. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനെത്തിയ ഷായ്ക്ക് മഹാസഖ്യം അതേ നാണയത്തിൽ തിരിച്ചടി നൽകി. സംഘർഷങ്ങളിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടാതെ ഗവർണറെ വിളിച്ച് റിപ്പോർട്ട് തേടിയ ആഭ്യന്തര മന്ത്രിയുടേത് ഫെഡറൽ വ്യവസ്ഥയ്ക്ക് തുരങ്കംവയ്ക്കുന്ന നിലപാടാണെന്ന് ജെഡിയു പറഞ്ഞു. ബിഹാറിനെപ്പറ്റിയല്ല, മറിച്ച് 40 ലോക്സഭാ സീറ്റിനെപ്പറ്റിയാണ് അമിത് ഷായുടെ ആശങ്കയെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പരിഹസിച്ചു. രണ്ടു ദിവസമാണ് ഷാ ബിഹാറിൽ ഉള്ളത്.