വാഷിങ്ടൺ
ലൈംഗികാരോപണം മറച്ചുവയ്ക്കാൻ നീലച്ചിത്രതാരത്തിന് പണം നൽകിയെന്ന കേസിൽ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച കോടതിയിൽ കീഴടങ്ങും. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിലാണ് ഹാജരാകുക. ട്രംപ് കീഴടങ്ങുന്നത് പരിഗണിച്ച് ന്യൂയോർക്കിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇതിനിടെ, കേസിന്റെ വിചാരണ വേറൊരു കോടതിയിലേക്ക് മാറ്റാനുള്ള ശ്രമം ട്രംപ് ആരംഭിച്ചതായാണ് റിപ്പോർട്ട്.
മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ള വിവിധ കുറ്റങ്ങൾ എന്തെന്ന് പഠിച്ചശേഷമായിരിക്കും ട്രംപിന്റെ അഭിഭാഷകരുടെ തുടർനീക്കം. ട്രംപിനെതിരെ കുറ്റം ചുമത്തിയ മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണി ആൽവിൻ ബ്രാഗിനെതിരെ രൂക്ഷമായ ആക്രമണമാണ് ട്രംപും അനുയായികളും നടത്തുന്നത്. കേസിന്റെ വിചാരണ മാൻഹാട്ടനിൽ നീതിപൂർവമായി നടക്കില്ലെന്നതിനാൽ വിചാരണ സ്റ്റെയ്റ്റൻ ഐലൻഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് 57 ശതമാനം വോട്ട് ലഭിച്ച സ്ഥലമാണ് സ്റ്റെയ്റ്റൻ ഐലൻഡ്.
2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് ട്രംപ് നീലച്ചിത്രതാരം സ്റ്റോമി ഡാനിയല്‍സിന് 1,30,000 ഡോളര്‍ നല്‍കിയെന്ന കേസിലാണ് കുറ്റം ചുമത്തിയത്. ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ട്രംപ്. രാഷ്ട്രീയ വൈരം തീർക്കാനായി കെട്ടിച്ചമച്ചതാണ് കേസെന്നാണ് ട്രംപിന്റെ വാദം. കുറ്റം ചുമത്തപ്പെട്ടതുകൊണ്ട് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മത്സരിക്കാൻ തടസ്സമില്ലെങ്കിലും പാർടിയിലെ എതിരാളികൾ ട്രംപിനെതിരെ കേസ് ആയുധമാക്കിയേക്കും.