ന്യൂഡൽഹി
യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങൾ നിരത്തി കോൺഗ്രസിനെ കടന്നാക്രമിക്കുന്ന വീഡിയോ പ്രചാരണവുമായി ബിജെപി. ‘കോൺഗ്രസ് ഫയൽസ്’ എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി ആദ്യ വീഡിയോ ബിജെപി ട്വിറ്ററിൽ പുറത്തുവിട്ടു. 2ജി കേസ്, കൽക്കരി കുംഭകോണം, കോമൺവെൽത്ത് അഴിമതി തുടങ്ങിയവയാണ് വീഡിയോയിലുള്ളത്.
യുപിഎ ഭരണകാലയളവിൽ ആകെ അഞ്ചുലക്ഷം കോടിയോളം രൂപയുടെ കുംഭകോണങ്ങൾ നടന്നിട്ടുണ്ടെന്നാണ് മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ ആരോപണം. പ്രതിപക്ഷ പാർടി നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോദിസർക്കാർ വേട്ടയാടുകയാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് അഴിമതി വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിക്കാൻ ബിജെപി നീക്കം തുടങ്ങിയത്.