ന്യൂഡൽഹി
അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മാർച്ച് 23ലെ ഉത്തരവ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. മജിസ്ട്രേറ്റ് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും. രാഹുൽ തിങ്കളാഴ്ച സൂറത്ത് കോടതിയിൽ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.
പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവൻ അവഹേളിച്ചെന്ന ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലാണ് രാഹുലിനെ ശിക്ഷിച്ചത്. പിന്നാലെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. സെഷൻസ് കോടതിയിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുലിന് കനത്ത തിരിച്ചടിയാകും. സ്റ്റേ അനുവദിക്കാതെ അപ്പീൽ പരിഗണിക്കാനാണ് സെഷൻസ് കോടതി തീരുമാനമെങ്കിൽ രാഹുലിന് ഗുജറാത്ത് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കേണ്ടി വരും.
ബിജെപി എംപി സുശീൽ മോദിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിൽ നേരിട്ട് ഹാജരാകാൻ പട്ന കോടതി നിർദേശിച്ചിരുന്നു. അതിനിടെ ജോഡോ യാത്രയിൽ ആർഎസ്എസിനെ കൗരവപ്പടയോട് ഉപമിച്ച രാഹുലിന്റെ പ്രസംഗത്തിനെതിരെ ആർഎസ്എസ് പ്രവർത്തകൻ ഹരിദ്വാർ കോടതിയിലും കേസ് കൊടുത്തു.