മംഗളൂരു > തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന് ബംഗളൂരു-–- മൈസൂരു അതിവേഗ പാതയിൽ ടോൾ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. ഏപ്രിൽ ഒന്നുമുതൽ നിരക്ക് 22 ശതമാനം വർധിപ്പിക്കാനാണ് ദേശീയ പാത അതോറിറ്റി തീരുമാനിച്ചിരുന്നത്.
പാത തുറന്നു കൊടുത്ത് രണ്ടാംദിവസം തകർന്നതും ഒറ്റ മഴയിൽ റോഡ് വെള്ളക്കെട്ടായി മാറിയതും വലിയ വിമർശമായിരുന്നു. പ്രതിപക്ഷം അഴിമതി ആരോപണവും ഉന്നയിച്ചു. പാതയിലെ ഉയർന്ന ടോൾ നിരക്കിനെതിരെ പരാതിയും പ്രതിഷേധവും ഉണ്ടായി. ഈ ഘട്ടത്തിലാണ് വീണ്ടും നിരക്കുയർത്തുന്നത് മരവിപ്പിച്ചത്. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരു തവണ യാത്ര ചെയ്യുന്നതിന് നേരത്തേ 135 രൂപ നൽകേണ്ടിയിരുന്നത് 165 രൂപയായി വർധിപ്പിക്കാനായിരുന്നു തീരുമാനം.
മടക്കയാത്രകൂടി ഉണ്ടെങ്കിൽ ടോൾ നിരക്ക് 205 രൂപയിൽനിന്ന് 250 രൂപയാകും. രണ്ട് ആക്സിലുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ യാത്രയ്ക്ക് 460 രൂപ ആയിരുന്നത് 565 രൂപയായും മടക്കയാത്ര ഉൾപ്പെടെ 690 രൂപ ടോൾ 850 രൂപയാക്കിയുമാണ് ഉയർത്തുക. അടിപ്പാത, സർവീസ് റോഡ് നിർമാണം പൂർത്തിയാകാതെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ധൃതിയിൽ അതിവേഗ പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു.