ഇസ്ലാമാബാദ്> പണപ്പെരുപ്പം കുതിച്ചുയരുന്ന പാകിസ്ഥാനിൽ പട്ടിണി രൂക്ഷം. ഫെബ്രുവരിയിൽ 31.5 ശതമാനമായിരുന്ന പണപ്പെരുപ്പം മാർച്ചിൽ 35.37 ശതമാനമായി. 1965ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്.
ഭക്ഷ്യധാന്യ വിതരണ കേന്ദ്രങ്ങളിലെ തിക്കുംതിരക്കുംമൂലം 16 പേർ മരിച്ചു. കറാച്ചിയിൽ ട്രക്കുകളിലും മറ്റും ഭക്ഷ്യസാധനങ്ങളും ധാന്യപ്പൊടികളും വിതരണത്തിനെത്തിച്ചപ്പോൾ തിരക്ക് നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണം. മരിച്ചവരിൽ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടും.
അവശ്യസാധന വിലയിലും കടത്തുകൂലിയിലും 50 ശതമാനമാണ് നിരക്ക് വർധന. ഇന്ധനവിലയും കുതിച്ചുയർന്നു. വിദേശനാണ്യ കരുതൽശേഖരം കുത്തനെ താഴ്ന്നതും പ്രതിസന്ധി മൂർച്ഛിപ്പിച്ചു.