ചെന്നൈ> രാജ്യത്തെ പ്രമുഖ നൃത്തപഠനശാലയായ ചെന്നൈ കലാക്ഷേത്രയിൽ പൂർവ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനെതിരെയാണ് കേസെടുത്തത്. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ചമുതൽ വിദ്യാർഥികൾ സമരത്തിലാണ്. അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊണ്ണൂറോളം വിദ്യാർഥികള് രംഗത്തെത്തി.
കഴിഞ്ഞദിവസം ഇവർ സംസ്ഥാന വനിതാ കമീഷന് പരാതി നൽകി. കലാക്ഷേത്രയിൽ വർഷങ്ങളായി വർണവിവേചനവും അപമാനവും നേരിടുന്നുണ്ടെന്ന് പരാതിയിൽ പറഞ്ഞു. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതികരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കുറ്റാരോപിതരായ അധ്യാപകർ ഹരിപദ്മന്, ശ്രീനാഥ്, സായി കൃഷ്ണന്, സഞ്ജിത് ലാല് എന്നിവരെ പുറത്താക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്ഥികള്.
കലാക്ഷേത്ര ക്യാമ്പസ് ആറുവരെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്ഥികളോട് ക്യാമ്പസും ഹോസ്റ്റലും വിട്ടുപോകാനും നിര്ദേശിച്ചിട്ടുണ്ട്. തമിഴ്നാട് വനിതാ കമീഷൻ അധ്യക്ഷ എ എസ് കുമാരി വിദ്യാർഥികളെ സന്ദർശിച്ചു.