പർവതങ്ങള് കീഴടക്കുന്നവര് പൊതുവെ പറയാറുള്ള ഒരു സംഗതിയുണ്ട്. ഭയപ്പെടുത്തുന്ന, വഴിയില്ലാ കുന്നാണെങ്കില് ഒരിക്കലും പിന്നിലേക്ക് നോക്കരുത്. ഒന്ന് മുകളിലേക്ക് നോക്കി തറയിലും ഇരുവശത്തുംമാത്രം ശ്രദ്ധയൂന്നി കയറുക. തെന്നിപ്പോവുമെന്ന് ഭയന്നയിടത്തെല്ലാം ഇരുന്നും കമഴ്ന്നും പാറയില് പിടിച്ചുമെല്ലാമാണ് മുകളിലേക്ക് എത്തുന്നത്.
ഊന്നുവടി വശങ്ങളില് ഉറപ്പിച്ചും ഐസുകട്ടകളില് ചവിട്ടാതെയും വേണം നടക്കാന്. മുഷി മുന്നിലുള്ള ധൈര്യത്തില് കുറ്റിക്കാട്ടിലൂടെ ഞാനും ഹാറൂണും നടന്നുതുടങ്ങി. പാർവതി നദിയിലേക്കുള്ള നീര്ച്ചാലിനുമീതെയാണ് നടത്തം. ഇടതുവശത്തെ ചെടികളില് ചുറ്റിപ്പിടിച്ചും വലത്ത് ഊന്നുവടിയുടെ ബലത്തിലുമാണ് നദിക്കരയിലേക്ക് നടക്കുന്നത്. പെട്ടെന്ന് ഒന്ന് തെന്നി. വടി കൈവിട്ടു. പേടിച്ച്, വെപ്രാളത്തില് കയറിപ്പിടിച്ചത് കണ്ണാടിത്തൂണുകള്പോലെ വിറങ്ങലിച്ചുനില്ക്കുന്ന ഐസ് കുറ്റികളിലാണ്.
അവയില് ഒരു ഭാഗം അടര്ന്നുവീണു. വലത്തേ കൈമുട്ട് തറയില് ഇടിച്ചതിനാല് തലയ്ക്ക് പരിക്കേറ്റില്ല. വല്ലവിധേനയും ഉയര്ന്നുപൊങ്ങി മുന്നിലേക്ക് നടന്നു. ഏറ്റവും പിന്നിൽവന്ന ശ്രീകണ്ഠനും ഇത്തിരിക്കഴിഞ്ഞപ്പോള് അതേ സ്ഥലത്തുതന്നെ വീണു. പരിക്കൊന്നും പറ്റിയില്ലെങ്കിലും ശരീരമാകെ ഒന്നുലഞ്ഞു. അതിനുശേഷമുള്ള നടത്തയില് അത് പ്രതിഫലിക്കുകയും ചെയ്തു.
പാർവതി നദിയാണ് മുമ്പില്. കാര്യമായ ഒഴുക്കില്ലെങ്കിലും അതുകടന്ന് അക്കരെയെത്തുക ദുഷ്കരമാണ്. പുഴകടന്നാല് ഖീര്ഗംഗ താഴ്വരയായി. നദിക്കുകുറുകെ പാറകളുണ്ട്. എല്ലാത്തിലും മഞ്ഞടിഞ്ഞുകിടക്കുന്നു. സൂക്ഷിച്ച് ചവിട്ടിയില്ലെങ്കില് തെന്നിവീഴും. ഫ്രീസര് തണുപ്പുമായി പുഴ ഒഴുകുന്നു. സര്ക്കസ്സുകാരന്റെ മെയ് വഴക്കത്തോടെ ഹാറൂണ് കല്ലുകളില് ചവിട്ടി നൃത്തംചെയ്ത് അക്കരെയെത്തി. കാലുകള്ക്ക് നീളംകുറഞ്ഞ ഞാന് എത്ര നീട്ടിയിട്ടും കല്ലുകള്ക്ക് മീതെ ചവിട്ടാനാകുന്നില്ല.
രണ്ടും കല്പ്പിച്ച് പാർവതിയിലേക്ക് ഇറങ്ങി. തലവരെ മരവിക്കുന്നു. പുറമേയുള്ള ഒഴുക്കുമാത്രമേയുള്ളൂ. അടിയിൽ ഐസ് കട്ടകൾ രൂപപ്പെട്ടുകഴിഞ്ഞു. മുട്ടോളം നനഞ്ഞ് അക്കരെയെത്തുമ്പോള് മുഷി അരികിലേക്കുവന്നു. കാലുകള്ക്കിടയിലൂടെ അവളൊന്ന് ഉരുമ്മിപ്പോയി. നെറുകില് തലോടി അവളെ ചേര്ത്തുപിടിക്കുമ്പോള് ഞാന് മനസ്സില് പറഞ്ഞു, പ്രിയപ്പെട്ടവളേ നീയാണ് ഈ യാത്രയിലെ എന്റെ പ്രണയം.
കുന്നിനുമീതെനിന്ന് ഒരു നീര്ച്ചാല് പതിക്കുന്നു. ഞങ്ങളെപ്പോലെ തണുത്തുറഞ്ഞാണ് അതിന്റെയും ഒഴുക്ക്.
ഖീർഗംഗ താഴ്വരയിൽ പാർവതി നദിയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം
പാറമടകള്ക്ക് നടുവില് എവിടെയോ മറയുന്നു, പിന്നെ പൊട്ടിച്ചിരിച്ച് താഴേക്ക് കുതിച്ച് പാർവതിക്കൊപ്പം ചേരുന്നു. ഇത്തിരി ദൂരം കയറിച്ചെല്ലുമ്പോള് വഴി അവസാനിച്ചു. നീര്ച്ചാലിനുകുറുകെ അക്കരെ കടക്കണം. മുഷി കാട്ടിയ വഴിയിലൂടെ അവിടം കടക്കുമ്പോള് മൊത്തത്തില് നനഞ്ഞു. യാത്രയിലെ കുളിരുള്ള നോവ്.
ഹാറൂണ് നീര്ച്ചാലിനുമധ്യേ പാറയില് ചവുട്ടിനിന്ന് നീട്ടിയ കമ്പില് ബലമായി പിടിച്ചു. തെന്നിവീഴാതെ ഞങ്ങള് ഖീര്ഗംഗ തടത്തിലേക്ക് കടക്കുന്നു. അക്കരെ പൊട്ടുപോലെ സഹയാത്രികര് പാർവതി കടന്നുവരികയാണ്. ആരൊക്കെയോ തെന്നിവീണു. ഗ്രിഗറി അവരെ നെഞ്ചോടുചേര്ത്ത് ഒപ്പംകൂട്ടി.
അരിച്ചുകയറുന്ന തണുപ്പ് വകവെക്കാതെ ഞങ്ങള് കുന്നുകയറി. നേരത്തെ ഗ്രിഗറി പറഞ്ഞത് ഓർമയിലുണ്ട്, ‘ആ കുന്നു കടന്നാല് നിരപ്പായി. അവിടെ ഇത്തിരി നേരം ഇരിക്കാം’. വിയര്പ്പിക്കുന്ന കുന്നാണ് മുന്നില്. നടവഴിയുണ്ട്. അത് കീഴടക്കുമ്പോള് കൊടുംതണുപ്പിനുള്ളിലെ ചൂടുള്ള ലോകത്തിലേക്ക് എത്തിപ്പെടുന്നു.
ഇടിഞ്ഞുതാഴ്ന്ന വഴിയില് താങ്ങായി വിശാലമായ ഒരു പാറ. പാർവതിയില് കുളിച്ചുകയറുന്ന സഹയാത്രികരെ നോക്കി ഞാനും ഹാറൂണും മുഷിയും ഇരുന്നു. എല്ലാവരും ഇക്കരെ കടന്നുവെന്ന് ഉറപ്പ് വരുത്തിയിട്ടാവണം, മുഷി മുരടനക്കി ഞങ്ങളെ നോക്കി.വീണ്ടും യാത്ര.
ഒരു തുള്ളി മഞ്ഞുപോലുമില്ലാത്ത പൊടിപിടിച്ച നിരന്ന വഴിയാണ് മുന്നില്. ഹിമാലയത്തില് പലയിടത്തും ഇത്തരം പ്രതിഭാസമുണ്ട്. ഭൗമ കാന്തിക തരംഗങ്ങള് വേഗത്തില് സഞ്ചരിക്കുന്നതിനാലാണ് ഇങ്ങനെ ഭൂപ്രദേശം രൂപപ്പെടുന്നതെന്ന് എവിടെയോ വായിച്ച ഓർമവരുന്നു.
ഒരു തുള്ളി മഞ്ഞുപോലുമില്ലാത്ത പൊടിപിടിച്ച നിരന്ന വഴിയാണ് മുന്നില്. ഹിമാലയത്തില് പലയിടത്തും ഇത്തരം പ്രതിഭാസമുണ്ട്. ഭൗമ കാന്തിക തരംഗങ്ങള് വേഗത്തില് സഞ്ചരിക്കുന്നതിനാലാണ് ഇങ്ങനെ ഭൂപ്രദേശം രൂപപ്പെടുന്നതെന്ന് എവിടെയോ വായിച്ച ഓർമവരുന്നു. ഈ ലോകം നമുക്കായി ഒരുക്കിവച്ച ഒരു പിടിയും കിട്ടാത്ത പ്രതിഭാസം. വഴിയിലെ ചൂട് അതുവരെയുള്ള കൊടുംതണുപ്പിനെ തോല്പ്പിച്ചു. നടത്തയ്ക്ക് വേഗം കൂടി.
രണ്ട് യുവാക്കള് എതിരെ വരുന്നു. പരിചയപ്പെട്ടു. കൊല്ക്കത്തക്കാര്. ഖീർഗംഗയിൽനിന്ന് മടങ്ങുകയാണവർ. അവര്ക്ക് അറിയേണ്ടത് ബുന്ബുനിയിലേക്ക് എത്ര കുന്നു കയറണോ എന്നാണ്. പേടിപ്പിക്കേണ്ടെന്ന് കരുതി ചൂണ്ടിക്കാട്ടി, ‘ആ കാണുന്ന രണ്ട് കുന്നിന് അപ്പുറം. എന്റെ വാക്കുകള് വിശ്വസിച്ചാവണം അവരും വേഗംകൂട്ടി. അവര്ക്കറിയില്ലല്ലോ, കുറ്റിച്ചെടിക്കാട്ടില് ഒളിച്ചിരിക്കുന്ന നീരരുവിയെക്കുറിച്ച്, മൈനസ് ഡിഗ്രിയുംകടന്ന് പൊലിയുന്ന ബുന്ബുനി സായാഹ്നത്തെക്കുറിച്ച്.
ഒപ്പമുള്ളവര് ഒപ്പമെത്താൻവേണ്ടിമാത്രം കുറെ നേരം ആ ചൂടുള്ള സമതല ഭൂമിയില് ചിലവിട്ടു. ശ്രീകണ്ഠന് ഉള്പ്പെടെയുള്ളവര് അടുത്ത് എത്തുന്നത് കണ്ടതോടെ ഞങ്ങള് വച്ചുപിടിച്ചു. എത്ര നടന്നിട്ടും ഒരിടവുമെത്തുന്നില്ല. അവിടവിടെ കഠിനമായ കുത്തുകയറ്റം. പൈന്മരക്കാട് തുടങ്ങുന്നു. ആരോ മുമ്പ് കടന്നുപോയ വഴിപ്പാട് നോക്കിയാണ് നടക്കുന്നത്. ചിലയിടത്ത് വഴിയില്ല. അരുവി ഒഴുകിപ്പോയ പാറമടകള്ക്കുമീതെ വലിഞ്ഞുകയറി. തട്ടിവീണിട്ടും കാര്യമായ പരിക്കൊന്നുമേറ്റില്ല. പർവതങ്ങള് കീഴടക്കുന്നവര് പൊതുവെ പറയാറുള്ള ഒരു സംഗതിയുണ്ട്.
ഭയപ്പെടുത്തുന്ന, വഴിയില്ലാ കുന്നാണെങ്കില് ഒരിക്കലും പിന്നിലേക്ക് നോക്കരുത്. ഒന്ന് മുകളിലേക്ക് നോക്കി തറയിലും ഇരുവശത്തുംമാത്രം ശ്രദ്ധയൂന്നി കയറുക. തെന്നിപ്പോവുമെന്ന് ഭയന്നയിടത്തെല്ലാം ഇരുന്നും കമഴ്ന്നും പാറയില് പിടിച്ചുമെല്ലാമാണ് മുകളിലേക്ക് എത്തുന്നത്. വിശപ്പ് വല്ലാതെ വയറിനെ നോവിക്കുന്നു. കഴിക്കാന് എന്തെങ്കിലും കരുതാത്ത സങ്കടം അപ്പോഴാണ് തോന്നിയത്.
നീര്ച്ചാലുകളില് വെള്ളമുണ്ട്. അതില് ഇത്തിരി കുടിക്കണമെങ്കില് വലിയ സാഹസം വേണം. വലത്തെ ചരുവിലെ മഞ്ഞുരുകുന്ന നീര്ച്ചാലുകളില് മരണം എത്തിനോക്കുന്നു. അത്യഗാധമാണ് താഴ്വര. നടവഴിതന്നെ ഇല്ലാത്ത കുത്തിറക്കങ്ങളില് പൈന്മരങ്ങളുടെ വേരുകളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുനീങ്ങി. ഉച്ചകഴിഞ്ഞതേയുള്ളുവെങ്കിലും വെളിച്ചം മരച്ചാര്ത്തുകള് മറച്ചുകഴിഞ്ഞു. അകലെ തിളങ്ങുന്ന വെള്ളിക്കുന്നുകളാണ് യാത്രയുടെ പ്രത്യാശ.
ഖീര്ഗംഗയിലേക്ക് ഇറങ്ങാന് തുടങ്ങിയതുമുതല് പ്രശ്നങ്ങളും കൂട്ടുകൂടി. മേപ്പിള് മരങ്ങളെപ്പോലെ ഇല പൊഴിച്ച് നില്പ്പാണ് കാട്. മഞ്ഞിന്റെ കണിക പോലുമില്ല. മരങ്ങള്ക്കും പാറക്കൂട്ടങ്ങള്ക്കുമിടയില് അട്ടിയട്ടിയായി മെത്ത പോലെ നിറഞ്ഞുകിടക്കുകയാണ് ഉണങ്ങിത്തുടങ്ങിയ ഇലകള്. സൂക്ഷിച്ച് ചവിട്ടിയില്ലെങ്കില് തെന്നിവീണ് പതിക്കുന്നത് ഇലകള് പുതപ്പാക്കിയ ഏതെങ്കിലും പാറക്കൂട്ടത്തിന്റെ മീതെയാവും. ആദ്യവട്ടം തെന്നിയപ്പോൾത്തന്നെ ഉറപ്പിച്ചതാണ് ഇനിയുള്ള ഓരോ ചുവടും സൂക്ഷിച്ച് വേണമെന്ന്. ശിശിരത്തിന്റെ പ്രണയാര്ദ്രമായ വരവും കാത്താണ് ഇലക്കൂമ്പാരങ്ങള് മണ്ണില് വിശ്രമിക്കുന്നത്. നാളുകള് കഴിയുമ്പോള് അവയും മഞ്ഞുപുതപ്പിനടിയിലൊതുങ്ങും. അവയെ അലോസരപ്പെടുത്താതെ കുന്നിറങ്ങി. പ്രിയ ഗുരുനാഥന് ഡി വിനയചന്ദ്രന്റെ ‘ഇലകള് കൊഴിയുന്നു’ എന്ന കവിത സാന്ദര്ഭികമായി മനസ്സില് വന്നുപോയി.
‘ഇലകള് കൊഴിയുന്നു
തെരുതെരെ തുരുതുരെ
ഇലകള് കൊഴിയുന്നു.
ആണ്ടറുതിയാകുന്നു
പ്രണയം പകയ്ക്കുന്നു
പതറിച്ചെടിച്ചു മെലിയുന്നു.
മെലിയാത്ത കാറ്റിന്റെ
പല വഴികള് പിരിയുന്നു
പിരിയുന്നൂ കൂടുന്നൂ…
തെരുതെരെ തുരുതുരെ
ഇലകള് കൊഴിയുന്നു.
തെരുതെരെ തുരുതുരെ
ഇലകള് കൊഴിയുന്നു…’
ഇലപൊഴിയും കാട്ടിനുള്ളിലൂടെ മൗനസഞ്ചാരം, പ്രണയംപോലെ. അപകടക്കുഴികള് നിറഞ്ഞയിടമാണ്. നോവിക്കാതെ കുന്നിറങ്ങിയാല് പ്രണയം. അല്ലെങ്കില് വേദനിപ്പിക്കുന്ന വിരഹം.
ഖീര്ഗംഗ വെറുമൊരു താഴ്വരയല്ല. മനസ്സുമുഴുവന് ഇറക്കിവെച്ച് തപം ചെയ്യാനാകുന്ന ഹിമാചല് മണ്ണ്. സമുദ്രനിരപ്പില്നിന്ന് 2950 മീറ്റര് മാത്രമേ ഉയരമുള്ളൂ. കൊടുംതണുപ്പിലും ചുടുനീരുറവകൾ സല്ലപിക്കുന്നയിടം. പൈമ്പാലൊഴുകുന്ന താഴ്വര എന്നാണ് വിശ്വാസം.
ഖീര്ഗംഗ വെറുമൊരു താഴ്വരയല്ല. മനസ്സുമുഴുവന് ഇറക്കിവെച്ച് തപം ചെയ്യാനാകുന്ന ഹിമാചല് മണ്ണ്. സമുദ്രനിരപ്പില്നിന്ന് 2950 മീറ്റര് മാത്രമേ ഉയരമുള്ളൂ. കൊടുംതണുപ്പിലും ചുടുനീരുറവകൾ സല്ലപിക്കുന്നയിടം. പൈമ്പാലൊഴുകുന്ന താഴ്വര എന്നാണ് വിശ്വാസം. ഒരിക്കല് പരമശിവ പുത്രന്മാരായ കാര്ത്തികേയനും ഗണപതിയും തമ്മില് തര്ക്കമുണ്ടായി. അടിപിടിയില് കലാശിച്ചു. കാര്ത്തികേയന് പ്രതിഷേധംപൂണ്ട് ആയിരം വര്ഷം സമാധി തപസ്സില് ഏര്പ്പെട്ടു. മകന്റെ കോപം ശമിപ്പിക്കാന് അരി ഉരുളയുരുട്ടി പരമശിവന് കാര്ത്തികേയന് സമ്മാനിച്ചു. സമാധി ഉപേക്ഷിച്ച് കാര്ത്തികേയന് പിതാവും സഹോദരനും ഒപ്പംചേര്ന്ന സ്ഥലമത്രേ ഖീര്ഗംഗ. കഥകള് ഇതുപോലെ പലതുണ്ട്.
ഖീർഗംഗ താഴ്വരയിലെ വൃക്ഷത്തിൽ നിന്നും പറിച്ചെടുത്ത ക്ഷീണമുക്തി നൽകുന്ന ഫലം
ശ്രീകണ്ഠന് നടന്നെത്താന് വേണ്ടിയുള്ള കാത്തിരിപ്പാണ്. അവശനാണവന്. ഇടക്കെവിടെയോ ഇലക്കൂട്ടത്തില് കാല് ചാടിപ്പോയതിന്റെ വേദന കൂടെയുണ്ട്. ഖീര്ഗംഗ ബേസ് ക്യാമ്പ് തൊട്ടുതാഴെയാണ്. അരമണിക്കൂര് നടന്നെത്താവുന്ന ദൂരംമാത്രം. അകലെയല്ലാതെ ബഹുവര്ണ നിറത്തില് ടെന്റുകളുടെ മേല്പ്പുര കാണുന്നുണ്ട്. വിശാലമായ പുല്മേട്ടില് കുതിരകള് അലസസഞ്ചാരത്തിലാണ്. ഞാനും ഹാറൂണും അവയ്ക്കൊപ്പം നടന്നു. കുന്നിറക്കം ചാടിയെത്തിയ ഗ്രിഗറി സന്തോഷത്തിലാണ്. അയാൾ പുകയെടുത്തുതുടങ്ങി. പ്രശോഭ് മാത്രം ശ്രീകണ്ഠനൊപ്പം നടക്കുന്നു. മുരുകണ്ണന് കുന്നില്നിന്ന് വേഗത്തില് താഴെയെത്തി.
പ്രതീക്ഷച്ചതിലും താമസിച്ചാണ് ഞങ്ങള് എത്തുന്നത്. ഇരുട്ട് വീണുതുടങ്ങി. വിശപ്പും ദാഹവും വല്ലാതെ അലട്ടുന്നു. ഗ്രിഗറിയുടെ പദ്ധതി അനുസരിച്ച് ഞങ്ങള് അന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെ ഖീര്ഗംഗയില് എത്തേണ്ടതാണ്. പക്ഷേ ഇപ്പോള് നാലുമണി കഴിഞ്ഞു. സീസണ് അവസാനിക്കുന്ന ലക്ഷണമൊന്നും കുന്നിന്ചെരുവില് കണ്ടില്ല. നിരവധി സഞ്ചാരികള്. അതില് ഭൂരിഭാഗവും ഡല്ഹിയിലും കൊല്ക്കത്തയിലുമുള്ളവര്. മലയാളികളും കുറേപ്പേരുണ്ട്. സന്തോഷ് നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നതിനാല് ഞങ്ങള്ക്ക് തങ്ങലിടംതേടി അലയേണ്ടി വന്നില്ല. വിശാലമായ രണ്ട് ഗ്രീന്ടെന്റുകള് ഞങ്ങള്ക്കായി ഒഴിച്ചിട്ടിരുന്നു.
ചൂട് ചായയും എണ്ണയില് വറുത്തെടുത്ത സ്നാക്സുമായി നടത്തിപ്പുകാരന് എത്തി. വീശിയടിക്കുന്ന കാറ്റിനൊപ്പം കുത്തിനോവിച്ച് തണുപ്പുമുണ്ട്. നടന്നെത്തിയ ക്ഷീണം മാറ്റാന് ടെന്റിനുള്ളില് കയറി ഇത്തിരിനേരം നടുവ് നിവര്ത്തി. താഴ്വരയിലെ നിരന്ന പ്രദേശത്ത് ചേര്ന്നുചേര്ന്നാണ് ടെന്റുകള്. മിക്കതും ഇരുമ്പ് പൈപ്പുകളിലാണ് ഉറപ്പിച്ചിട്ടുള്ളത്. മഞ്ഞുകാലം ശക്തമാകുമ്പോള് ടെന്റുകള് അഴിച്ചെടുത്ത് സുരക്ഷിത സ്ഥാനങ്ങളില് സൂക്ഷിക്കും. അഞ്ചടിയിലേറെ മഞ്ഞടിയുന്ന പ്രദേശമാണ് ഖീര്ഗംഗ. ഇത്തിരി കഴിഞ്ഞപ്പോൾ ടെന്റുകളിലും പുറത്തും സൗരവിളക്കുകള് തെളിഞ്ഞു. എല്ലാവര്ക്കും അത് ആഘോഷരാവ്.
പെണ്കുട്ടികളുള്പ്പടെ അവിടവിടായുണ്ട്. ഞങ്ങളുടെ ടെന്റുടമ രമേഷിന് ഹോട്ട്റൂം ഉണ്ട്. കല്ഗയില് സന്തോഷിന്റെ തടിവീട്ടില് ഉള്ളതുപോലെ. നിയോണ് വെളിച്ചം മിന്നിമറയുന്ന ഹോട്ട്റൂം. നേര്ത്ത ശബ്ദത്തില് പാട്ടുകള് ഒഴുകിവരുന്നു. ഗ്രിഗറിയും പ്രശോഭും ചരസിന്റെ ലോകത്താണ്. ഡല്ഹിയിലെ ചെരുപ്പുകമ്പനിയില് ജോലി ചെയ്യുന്ന ഒരു സംഘം യുവതീ യുവാക്കള് വന്നു പരിചയപ്പെട്ടു. മലയാളികളാണ് അധികവും. അവധിനാളുകള് ആഘോഷിക്കാന് വന്നതാണ് അവര്.
അത്താഴവുമായി രമേശും സഹായിയും എത്തി. ചൂടുള്ള വെജിറ്റബിള് കറിയും ചപ്പാത്തിയും. ആവശ്യത്തിലേറെ ഭക്ഷണം അകത്താക്കി ഞങ്ങള് ടെന്റുകളിലേക്ക് നടന്നു. ഖീര്ഗംഗ താഴ്വരയെയാകെ വെട്ടത്തില് കുളിപ്പിച്ച് ആകാശ ചന്ദ്രന് ചിരിക്കുന്നു. ഹോട്ട്റൂമിന്റെ മൂലയില് തലപൂഴ്ത്തി മുഷിയും ഉറക്കത്തിലേക്ക് വീണു. നടന്ന ക്ഷീണവും സ്ലീപ്പിങ് ബാഗിലെ ചൂടും കാരണം ഉറക്കം നേരത്തേയെത്തി. സഹയാത്രികരുടെ കൂര്ക്കംവലിയുടെ താളം ഉയരുന്നു. പിന്നെ എപ്പോഴോ ഞാനും അതിന്റെ ഭാഗമായി. പുലര്ച്ചെ പ്രശോഭ് വിളിക്കുന്നു, ഹോട്ട് വാട്ടര് സ്പ്രിങ് കാണാന് കൂടെ പോരുന്നോ എന്നുചോദിക്കാന്.(തുടരും)