തിരുവനന്തപുരം > ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്കിയ ഹര്ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും, നിയമവാഴ്ചക്ക് കളങ്കമേല്പ്പിക്കുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രം ഭരിക്കുന്ന ബിജെപി സമീപകാലത്ത് സമാനമായ കേസുകളില് കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്ക്ക് ബലം നല്കുന്നതാണ് കെപിസിസിയുടെ നിലപാട്. കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാര ദുര്വിനിയോഗത്തിലൂടെ രാഹുല് ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില് വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെപിസിസിയുടെ അഭിപ്രായം എന്നറിഞ്ഞാല്കൊള്ളാം – എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
രാഹുല് ഗാന്ധി എംപിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില് വയനാട്ടില് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പ്പിക്കാനുള്ള ബിജെപി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്ടികള് യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്ത്ത് ബിജെപിക്ക് ശക്തിപകരാനാണ് കെപിസിസിയുടെ ശ്രമം.
അപകീര്ത്തി കേസ് മറയാക്കി പ്രതിപക്ഷ എംപിമാരെ അയോഗ്യനാക്കാന് ബിജെപി നടത്തുന്ന ശ്രമത്തെ ശക്തമായി എതിര്ത്ത പാര്ടിയാണ് സിപിഐ എം. സൂറത്ത് കോടതി അപകീര്ത്തി കേസില് രാഹുല് ഗാന്ധിയെ ശിക്ഷിച്ചപ്പോള് ധൃതിപിടിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന് വിലയിരുത്തിയ പാര്ടിയാണ് സിപിഐ എം.
ആംആദ്മി പാര്ടി നേതാവും, ഡല്ഹി ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനേയും, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സിപിഐ എം നിശിതമായി വിമര്ശിച്ചിരുന്നു. എന്നാല് ബിജെപിയുടെ ഇത്തരം നടപടികള്ക്ക് സാധുത നല്കുന്നതാണ് കെപിസിസി കൈക്കൊള്ളുന്ന നിലപാട്. കെപിസിസി പ്രസിഡന്റിന്റെ ആര്എസ്എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്. ആര്എസ്എസ് ശാഖക്ക് കാവല് നിന്നതായി കെ സുധാകരന് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വയം തീരുമാനിച്ചാല് ആര് എതിര്ത്താലും ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ സുധാകരന്, മതനിരപേക്ഷതയില് അടിയുറച്ച് വിശ്വസിച്ച നെഹ്റു പോലും ബിജെപിയുമായി സന്ധിചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് തന്റെ ബിജെപി പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളത് – എം വി ഗോവിന്ദൻ പറഞ്ഞു.