18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്ക് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തണമെന്ന ചർച്ചകൾ സജീവമായിരിക്കുമ്പോഴാണ് പ്രൈം എനർജി ഡ്രിങ്കുകൾക്ക് വിവിധ സ്കൂളുകൾ നിരോധനം ഏർപ്പെടുത്തിയത്.
അനുവദനീയമായതിൽ കൂടുതൽ അളവിൽ കഫീൻ പ്രൈം ഉത്തേജക പാനീയത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉത്തേജക പാനീയം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു.
ക്വീൻസ്ലാൻറിലെയും, വെസ്റ്റേൺ ഓസ്ട്രേലിയയിലെയും നിരവധി സ്കൂളുകൾ പ്രൈം എൻർജി ഡ്രിങ്കിന് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് മാതാപിതാക്കൾക്കും സ്കൂളുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെർത്തിലെ സ്വാൻബോൺ സ്കൂൾ, മൗണ്ട് ഹത്തോൺ പ്രൈമറി സ്കൂൾ, ക്വീൻസ്ലാന്റിലെ മേരിബറോ സ്റ്റേറ്റ് ഹൈസ്കൂൾ, ഗോൾഡ് കോസ്റ്റിലെ മിയാമി സ്റ്റേറ്റ് സ്കൂൾ എന്നിവടങ്ങളിൽ നിരോധനം നടപ്പിൽ വന്നതായി സ്കൂൾ അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
പാനീയങ്ങളിൽ ചേർക്കുന്ന കഫീൻറെ അളവ് സംബന്ധിച്ച് ഫുഡ് സ്റ്റാൻഡേർഡ് ഓസ്ട്രേലിയ ന്യൂസിലാൻഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ 100 മില്ലി പാനീയത്തിൽ അനുവദനീയമായ കഫീൻറെ പരമാവധി അളവ് 32 മില്ലിഗ്രാം ആണ്. എന്നാൽ 100 മില്ലി പ്രൈം പാനീയത്തിലെ കഫീൻറെ അളവ് ഏകദേശം 56 മില്ലിഗ്രാമാണെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പ്രൈം എനർജി ഡ്രിങ്കുകൾ മിക്ക ഓസ്ട്രേലിയൻ സ്റ്റോറുകളിലും ലഭ്യമല്ല. എന്നാൽ വിവിധ വെബ്സൈറ്റുകൾ വഴിയും ചുരുക്കം ചില റിട്ടെയ്ൽ ശൃംഖലകൾ വഴിയും പ്രൈം ഉത്തേജക പാനീയങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ട്.
അതേസമയം പ്രൈം ഉത്തേജക പാനീയത്തിന് നേരിടുന്ന ക്ഷാമം മുതലെടുത്ത് സമൂഹമാധ്യമങ്ങളിലും ഉയർന്ന വിലയ്ക്ക് പ്രൈം എനർജി ഡ്രിങ്കുകൾ വിൽക്കുന്നുണ്ട്.
കടപ്പാട്: SBS മലയാളം
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3