മനാമ > അബുദാബി കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദിനെ നിയമിച്ച് അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവ് പുറപ്പെടുവിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. 1982 ജനുവരി എട്ടിന് അബുദാബിയില്‍ ജനിച്ച അദ്ദേഹം ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിഎസ്സിയും ലണ്ടനിലെ വിഖ്യാതമായ കിംഗ്സ് കോളേജില്‍ നിന്നും 2014 ല്‍ യുദ്ധ പഠന വിഭാഗത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
2015-ല്‍ ഇലക്ട്രോണിക് മാനേജ്മെന്റിന്റെ സുരക്ഷക്കായുള്ള ദേശീയ കമ്മീഷന് ചെയര്‍മാനായി. 2016-ല്‍ മന്ത്രി റാങ്കോടെ സംസ്ഥാന സുരക്ഷാ വകുപ്പിന്റെ ചെയര്‍മാനായും 2017 ജനുവരി 16 ന് മന്ത്രി പദവിയോടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ഷെയ്ഖ് ഖാലിദ് നിയമിതനായി. 2019-ല്‍ അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനായും നിയമിച്ചു. 2021ല്‍ ദേശീയ പെട്രോളിയം കമ്പനിയായ അഡ്നോക്കിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി.
2013-ല്‍ പ്രസിദ്ധീകരിച്ച ‘ത്രീ ഐലന്‍ഡ്സ്: മാപ്പിംഗ് ഓഫ് യുഎഇ-ഇറാന് ഡിസ്പ്യുട്ട്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.
2008 ഡിസംബറില്‍ ഷെയ്ഖ സുരൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനെ വിവാഹം കഴിച്ച അദ്ദേഹത്തിന് ഒരു മകനും രണ്ട് പെണ്മക്കളും ഉണ്ട്.