തിരുവനന്തപുരം
വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം വീണ്ടും സംസ്ഥാനത്ത് റെക്കോഡിട്ടു. കഴിഞ്ഞ ദിവസം 4517 മെഗാവാട്ടാണ് രേഖപ്പെടുത്തിയത്. 14ന് രേഖപ്പെടുത്തിയ 4494 മെഗാവാട്ടിന്റെ റെക്കോഡാണ് വീണ്ടും മറികടന്നത്. കഴിഞ്ഞവർഷം ഏപ്രിൽ 27ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടിന്റെ സർവകാല റെക്കോഡാണ് ഈ വർഷം മാർച്ചിൽത്തന്നെ തുടർച്ചയായി തിരുത്തിയത്.
ഈ വർഷം ഉപയോഗം 4700 മെഗാവാട്ടുവരെ ഉയർന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ലോഡ് ഷെഡിങ്ങോ പവർകട്ടോ ഉണ്ടാകില്ല. ഉപയോഗം കുതിച്ചുയരുന്നത് മുന്നിൽക്കണ്ട് ഏപ്രിൽ, മെയ് മാസങ്ങളിലെ വൈകിട്ട് ആറുമുതൽ 10 വരെയുള്ള (പീക് ടൈം) ആവശ്യത്തിന് ബാങ്കിങ് സംവിധാനത്തിലൂടെ 300, മീഡിയം കരാറിലൂടെ 270 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കിയിരുന്നു. കൂടാതെ ഹ്രസ്വകാല കരാറിലൂടെ 200 മെഗാവാട്ടുകൂടി മേയിലേക്ക് വാങ്ങുന്നുണ്ട്.