ഓഹരി സൂചികയിലെ തകര്ച്ച നാലാം വാരത്തിലേയ്ക്ക് നീളുമോയെന്ന ആശങ്കയിലാണ് നിക്ഷേപകര്. വിദേശ ധനകാര്യസ്ഥാപനങ്ങള് മുന്നിര ഓഹരികളില് സൃഷ്ടിച്ച വില്പ്പന സമ്മര്ദ്ദത്തിനിടയില് വിപണിയിലെ തകര്ച്ച തടയാന് 9400 കോടി രൂപയുടെ നിക്ഷേപത്തിന് മത്സരിച്ച് ഇറങ്ങിയിട്ടും സൂചികയിലെ തകര്ച്ച തടയാനായില്ല. ബോംബെ സൂചിക 462 പോയിന്റ്റും നിഫ്റ്റി സൂചിക 155 പോയിന്റ്റും താഴ്ന്നു. മൂന്നാഴ്ച്ചകളില് സെന്സെക്സ് 2280 പോയിന്റ്റും നിഫ്റ്റി 648 പോയിന്റ്റും ഇടിവ് നേരിട്ടു.
ബി എസ് ഇ മിഡ്ക്യാപ് സൂചിക രണ്ട് ശതമാനവും സ്മോള്ക്യാപ് സൂചിക 1.5 ശതമാനം ഇടിഞ്ഞു. റിയാല്റ്റി സൂചിക 4.7 ശതമാനവും മെറ്റല് സൂചിക നാല് ശതമാനവും ഇന്ഫര്മേഷന് ടെക്നോളജി മൂന്ന് ശതമാനവും ക്യാപിറ്റല് ഗുഡ്സ് രണ്ട് ശതമാനവും ഇടിഞ്ഞു.
ബാങ്കിംഗ് ഓഹരികളെ പിടികൂടിയ മാന്ദ്യം തുടരുന്നു. എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ, ഇന്ഡസ് ബാങ്ക് ഓഹരി വിലകള് വീണ്ടും കുറഞ്ഞു. ഇന്ഫോസീസ്, വിപ്രോ, റ്റി സി എസ്, എച്ച് സി എല്, ടെക് മഹീന്ദ്ര, എം ആന്റ് എം, ആര് ഐ എല്, ടാറ്റാ മോട്ടേഴ്സ്, ടാറ്റാ സ്റ്റീല്, മാരുതി തുടങ്ങിവയുടെ നിരക്ക് താഴ്ന്നു. അതേ സമയം ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, എയര് ടെല്, എച്ച് യു എല് യില് നിക്ഷേപകര് താല്പര്യം കാണിച്ചു.
ബോംബെ സൂചിക 57,989 പോയിന്റ്റില് നിന്നും 57,080 ലേയ്ക്ക് വാരത്തിന്റ ആദ്യ പകുതിയില് ഇടിഞ്ഞങ്കിലും പിന്നീട് കാഴ്ച്ചവെച്ച തിരിച്ചുവരവില് സൂചിക 58,400 പോയിന്റ്റിലേയ്ക്ക് ചുവടുവെച്ചു. ഇതിനിടയില് വിദേശ മാര്ക്കറ്റുകളില് നിന്നുള്ള പ്രതികൂല വാര്ത്തകള് സ്ഥിതിഗതികള് കൂടുതല് സങ്കീര്ണ്ണമാക്കിയതോടെ സൂചിക വ്യാപാരാന്ത്യം 57,527 പോയിന്റിലേയ്ക്ക് തളര്ന്നു.
നിഫ്റ്റിക്ക് 17,000 പോയിന്റ്റിലെ സപ്പോര്ട്ട് കൈമോശം വന്ന അവസ്ഥയിലാണ്. വാരാരാംഭത്തില് മുന്വാരത്തിലെ 17,100 ല് നിന്നും 16,800 ലേയ്ക്ക് ഇടിഞ്ഞ നിഫ്റ്റി പിന്നീട് 17,204 ലേയ്ക്ക് ഉയര്ന്നു. എന്നാല് ഈ റേഞ്ചില് അധിക നേരം പിടിച്ചു നില്ക്കാനാവാതെ വാരാന്ത്യ ക്ലോസിങില് 16,945 പോയിന്റ്റിലേയ്ക്ക് ഇടിഞ്ഞു. വിദേശ ഫണ്ടുകള് മൊത്തം 6716 കോടി രൂപയുടെ ഓഹരികള് പിന്നിട്ടവാരം വിറ്റഴിച്ചു. ആഭ്യന്തര ഫണ്ടുകള് 9432 കോടി രൂപയുടെ ശക്തമായ വാങ്ങലുകള് മുന്നിര രണ്ടാംനിര ഓഹരികളില് നടത്തി.
രൂപയുടെ മൂല്യം 82.55 ല് നിന്നും 82 ലേയ്ക്ക് കരുത്ത് നേടിയ അവസരത്തില് വിദേശ കേന്ദ്ര ബാങ്കുകള് പലിശ നിരക്കില് വരുത്തിയ ഭേദഗതികളുടെ വിവരം പുറത്തുവന്നതോടെ വരാവസാനം രൂപയുടെ വിനിമയ നിരക്ക് 82.30 ലേയ്ക്ക് ഇടിഞ്ഞു. പിന്നിട്ട വര്ഷം യു എസ് ഡോളറിന് മുന്നില് രൂപയുടെ മൂല്യം പത്ത് ശതമാനം ഇടിവ് നേരിട്ടിരുന്നു.
ഏപ്രില് ആദ്യം നടക്കുന്ന വായ്പ്പാ അവലോകന യോഗത്തില് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് ഉയര്ത്തുമെന്ന നിഗനമത്തിലാണ് വിപണി വൃത്തങ്ങള്. യു എസും ബ്രിട്ടനും കഴിഞ്ഞവാരം നടന്ന യോഗത്തില് പലിശ നിരക്ക് ഉയര്ത്തി നിശ്ച്ചയിച്ചിരുന്നു.
വിദേശ നാണയ കരുതല് ധനം മാര്ച്ച് 17 ന് അവസാനിച്ച വാരം 12.8 ബില്യണ് ഡോളര് ഉയര്ന്ന് 572.80 ബില്യണ് ഡോളറിലെത്തി. നവംബര് രണ്ടാം പകുതിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര വര്ദ്ധനയാണിത്. ആഗോള വിപണിയില് സ്വര്ണ വില കയറി ഇറങ്ങി. ന്യൂയോര്ക്ക് എക്സ്ചേഞ്ചില് സ്വര്ണം ഔണ്സിന് 1990 ഡോളറില് നിന്നും 1934 ലേയ്ക്ക് വാരമദ്ധ്യം ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവില് 2004 ഡോളര് വരെ ഉയര്ന്നു. എന്നാല് വ്യാപാരം അവസാനിക്കുമ്പോള് സ്വര്ണം 1978 ഡോളറിലാണ്.