ന്യൂഡൽഹി
അതിവേഗ ട്രെയിൻ എന്ന അവകാശവാദവുമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ വന്ദേഭാരത് ട്രെയിനുകൾക്ക് പറഞ്ഞ വേഗമില്ലെന്നും സമയം ലാഭിക്കുന്നില്ലെന്നും സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസന് നൽകിയ മറുപടിയിലാണിക്കാര്യം.
ശതാബ്ദി ട്രെയിനുകൾ ഓടുന്ന റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ നൽകുന്നത് മുപ്പത് മിനിറ്റിന്റെ സമയലാഭമാണ്. മറ്റു ട്രെയിനുകളേക്കാൾ കുറഞ്ഞത് 45 ശതമാനം സമയലാഭം നൽകുമെന്നായിരുന്നു അവകാശവാദം. ഏറ്റവും വേഗത്തിൽ വന്ദേഭാരത് ഓടുന്ന ഡൽഹി -– -വാരാണസി റൂട്ടിൽപ്പോലും 27 ശതമാനം മാത്രമാണ് സമയലാഭം. മുംബൈ–- ഗാന്ധിനഗർ വന്ദേഭാരത് എക്സ്പ്രസ് ഉപയോക്താവിന് നൽകുന്നത് പന്ത്രണ്ട് ശതമാനംമാത്രം സമയലാഭം. ചെന്നൈ–- -മൈസൂരു വന്ദേഭാരത് എക്സ്പ്രസ് ചെന്നൈ–- മൈസൂരു ശതാബ്ദി എക്സ്പ്രസിനേക്കാൾ 30 മിനിറ്റ്മാത്രം മുമ്പ് ലക്ഷ്യത്തിലെത്തുമ്പോൾ ബിലാസ്പുർ -–-നാഗ്പുർ വന്ദേഭാരത് എക്സ്പ്രസ് അതേ റൂട്ടിൽ സർവീസ് നടത്തുന്ന ഹൗറ-–-പുണെ–തുരന്തോ എക്സ്പ്രസിനേക്കാൾ 10 മിനിറ്റാണ് ലാഭിക്കുന്നത്.
ശതാബ്ദി ട്രെയിനുകൾ തുരന്തോ ട്രെയിനുകളേക്കാൾ 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെമാത്രമാണ് മിക്ക റൂട്ടുകളിലും സമയം ലാഭിക്കുന്നത്. പുതിയ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ മൗനം പാലിച്ചു.