ലണ്ടന്‍
ബ്രിട്ടനിൽ സംഗീതപരിപാടിക്കെത്തിയ പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. തലയോട്ടിയിലെ രക്തക്കുഴലുകളിലെ വീക്കം നീക്കാനായാണ് ശസ്ത്രക്രിയ നടത്തിയത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീതപരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞയായ ബോംബെ ജയശ്രീ. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അന്യൂറിസം എന്ന രോഗാവസ്ഥ സ്ഥിരീകരിച്ച ഗായികയെ താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നാണ് റിപ്പോർട്ട്. രക്തക്കുഴലുകൾ തകരാർമൂലമോ ദുര്‍ബലമാക്കുന്നതിനാലോ രക്തധമനികള്‍ വീർക്കുന്ന അവസ്ഥയാണ് അന്യൂറിസം. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും തെറ്റായ പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അവരുടെ കുടുംബസുഹൃത്തുക്കൾ അഭ്യർഥിച്ചു.
18ന് ലണ്ടൻ സൗത്ത് സെന്ററിലും വെള്ളിയാഴ്ച വൈകിട്ട് ലിവർപൂളിലെ ടങ് ഓഡിറ്റോറിയത്തിലുമാണ് ബോംബെ ജയശ്രീക്ക് സംഗീത കച്ചേരി ഉണ്ടായിരുന്നത്. ടങ് ഓഡിറ്റോറിയത്തിലെ കച്ചേരിയിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വെള്ളിയാഴ്ചത്തെ കച്ചേരി റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരത്തിന് ബോംബെ ജയശ്രീ അർഹയായത്.