ന്യൂഡൽഹി
അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയപകപോക്കലിന് ആയുധമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർടി സുപ്രീംകോടതിയിൽ. അന്വേഷണ ഏജൻസികളുടെ അറസ്റ്റ്, റിമാൻഡ്, ജാമ്യം തുടങ്ങിയ നടപടികൾക്ക് കൃത്യമായ മാർഗരേഖ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഏപ്രിൽ അഞ്ചിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
സിപിഐ എം, സിപിഐ, കോൺഗ്രസ്, ഡിഎംകെ, ആർജെഡി, ശിവസേന, ആംആദ്മി പാർടി, ഭാരത് രാഷ്ട്രസമിതി, തൃണമൂൽ കോൺഗ്രസ്, എൻസിപി, ജാർഖണ്ഡ് മുക്തി മോർച്ച, സമാജ് വാദി പാർടി, ജെഡിയു, ജമ്മു കശ്മീർ നാഷണൽ കോൺഫ്രൻസ് പാർടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. 95 ശതമാനം കേസുകളും പ്രതിപക്ഷനേതാക്കൾക്കെതിരെയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി.
ഗുരുതര അഴിമതി ആരോപണം നേരിടുന്ന ബിജെപി നേതാക്കളുണ്ടായിരിക്കെ പ്രതിപക്ഷനേതാക്കളെ മാത്രം അന്വേഷണ ഏജൻസികൾ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു. അഴിമതിക്കാരായ ചിലർ ബിജെപിയിൽ ചേർന്നപ്പോൾ അവർക്കെതിരായ അന്വേഷണം കുഴിച്ചുമൂടി. 2004–-2014 വരെ സിബിഐ 43 പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയപ്പോൾ 2014നു ശേഷം 118 പ്രതിപക്ഷനേതാക്കൾക്കെതിരെ അന്വേഷണം നടത്തുന്നു. പി ചിദംബരം, മനീഷ് സിസോദിയ, സഞ്ജയ്റാവത്ത്, സത്യേന്ദ്ര ജെയിൻ തുടങ്ങിയവരെ അറസ്റ്റുചെയ്തു. ബിജെപിപക്ഷത്തേക്ക് ചേക്കേറിയ ഹിമന്ത ബിസ്വ സർമ, നാരായൺറാണെ, സുവേന്ദു അധികാരി തുടങ്ങിയവർക്ക് എതിരായ അന്വേഷണം മരവിപ്പിച്ചു–- പ്രതിപക്ഷം ചൂണ്ടിക്കാട്ടി.