റിയാദ് > കേളി കുടുംബവേദി കുട്ടികൾക്കും വനിതകൾക്കുമായി ആരംഭിച്ച കലാ അക്കാദമി മാപ്പിളപ്പാട്ട് കലാകാരി കണ്ണൂര് സീനത്ത് ഉദ്ഘാടനം ചെയ്തു. കേളി കുടുംബവേദി ‘ജ്വാല 2023’ എന്ന പേരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിന പരിപാടിയുടെ ഭാഗമായാണ് കലാ അക്കാദമിതുടങ്ങിയത്. പ്രായഭേദമന്യേ സൗജന്യമായി ക്ലാസിക്കല് വെസ്റ്റേണ് നൃത്ത രൂപങ്ങള്, സംഗീതം, ചിത്രകല, വാദ്യോപകരണ സംഗീതം, ആയോധനകലകള് തുടങ്ങിയവയില് പരിശീലനം നല്കുയാണ് ലക്ഷ്യം.
മാപ്പിളപ്പാട്ടിൽ തന്റേതായ ഇടം കണ്ടെത്തിയ കണ്ണൂർ സീനത്തിനെ ചടങ്ങിൽ ആദരിച്ചു. കേളി കുടുംബവേദിയുടെ സ്നേഹോപഹാരമായി ഷാൾ അണിയിച്ചും ഫലകം നൽകിയും കുടുംബവേദി സെക്രട്ടറി സീബ കൂവോടും പ്രസിഡണ്ട് പ്രിയ വിനോദും ആദരിച്ചു .
ചിത്രകലാ അധ്യാപികയും, കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവുമായ വിജില ബിജു, കെ.കെ ശൈലജ ടീച്ചറുടെ ചിത്രം തത്സമയം സ്റ്റേജിൽ വരച്ചു. കേളി കുടുംബവേദി കലാ അക്കാദമിയുടെ അഡ്മിഷന് അടക്കമുള്ള കൂടുതല് വിവരങ്ങള് വരും ദിവസങ്ങളില് അറിയിക്കുന്നതാണ്.