ന്യൂഡൽഹി
മുദ്രവച്ച കവറിൽ നിർണായകവിവരം കൈമാറുന്ന കേന്ദ്രസർക്കാരിന്റെ പതിവുപരിപാടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്രം ചില വിവരങ്ങൾ കവറിലിട്ട് തരും. എതിർകക്ഷികൾ കാണാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടിവരും. നിയമനിർവഹണ പ്രക്രിയയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് എതിരാണിത്. കോടതിയിൽ ഒളിച്ചുവയ്ക്കൽ പാടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു.
‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതി പ്രകാരം വിമുക്തഭടൻമാർക്കുള്ള കുടിശ്ശിക നൽകാത്ത കേസിൽ കേന്ദ്രസർക്കാർ വിശദാംശം മുദ്രവച്ച കവറിൽ കൈമാറിയത് സ്വീകരിക്കാൻ വിസമ്മതിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. രഹസ്യസ്വഭാവമുള്ള വിവരങ്ങളാണിതെന്നും മുദ്രവച്ച കവറിലേ കൈമാറാനാകൂവെന്നും അറ്റോർണിജനറൽ ആർ വെങ്കടരമണി പ്രതികരിച്ചു. കോടതി ഉത്തരവ് പ്രകാരം വിമുക്തഭടൻമാർക്ക് പെൻഷൻ നൽകുന്ന കാര്യത്തിൽ എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. വിശദാംശങ്ങൾ വിമുക്തഭടൻമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫാഅഹ്മദിക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇതോടെ, അറ്റോർണിജനറൽ മുദ്രവച്ച കവർ പൊളിച്ച് അതിലെ ഉള്ളടക്കം തുറന്ന കോടതിയിൽ വായിച്ചു.
മാർച്ച് 15നുള്ളിൽ കുടിശ്ശിക വിതരണം ചെയ്യണമെന്ന നിർദേശം നടപ്പാക്കുന്നതിനുപകരം ഗഡുക്കളായി കുടിശ്ശിക കൈമാറുമെന്ന് പ്രതിരോധമന്ത്രാലയം ഉത്തരവിറക്കിയതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 70 വയസ്സിനും അതിന് മുകളിലുമുള്ള വിമുക്തഭടൻമാർക്ക് ജൂൺ 30നുള്ളിൽ കുടിശ്ശിക വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കുടുംബപെൻഷൻ ഗുണഭോക്താക്കൾക്കും ധീരതമെഡൽ ജേതാക്കൾക്കും ഏപ്രിൽ 30നുള്ളിൽ കുടിശ്ശിക വിതരണം ചെയ്യണം. ബാക്കിയുള്ള വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശ്ശിക ആഗസ്ത് 31, നവംബർ 30, 2024 ഫെബ്രുവരി 28 തീയതികൾക്കുള്ളിൽ വിതരണം ചെയ്യണം. നിർണായക കേസുകളിൽ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറുന്നത് കേന്ദ്രസർക്കാർ പതിവാക്കിയിരുന്നു. ഏറ്റവും ഒടുവിൽ, അദാനി–-ഹിൻഡൻബർഗ് കേസിലും ചില ശുപാർശകൾ മുദ്രവച്ച കവറിൽ കൈമാറാൻ കേന്ദ്രം ശ്രമിച്ചെങ്കിലും സുപ്രീംകോടതി സ്വീകരിച്ചില്ല.