മോസ്കോ
റഷ്യ– -ഉക്രയ്ൻ സംഘർഷങ്ങൾ നിലനിൽക്കെ സമാധാനശ്രമങ്ങളുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് റഷ്യയിൽ. ത്രിദിന സന്ദർശനത്തിനെത്തിയ ഷി ജിൻപിങ്ങിന് മോസ്കോയില് ഉജ്വല വരവേല്പ്പൊരുക്കി. പത്ത് വർഷത്തിനുശേഷമാണ് ഷി റഷ്യയിലെത്തുന്നത്.
ചൈനയുടെ പ്രസിഡന്റായി മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ വിദേശയാത്രയും റഷ്യയിലേക്കാണ്. ഉക്രയ്ൻ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽക്കൂടിയാണ് ഷിയുടെ സന്ദർശനം.
ഉഭയകക്ഷി ചർച്ചകൾക്കൊപ്പം ഉക്രയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കും. ഉക്രയ്നിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള റഷ്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഊർജമേഖലയിലുള്ള വിവിധ സംയുക്ത പദ്ധതികളുടെ കരാറുകളിലുംഒപ്പുവയ്ക്കും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ള റഷ്യയിലെ പ്രധാന നേതാക്കളുമായി ഷി കൂടിക്കാഴ്ച നടത്തി.
യഥാർഥ ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കാനും അന്താരാഷ്ട്ര ബന്ധങ്ങളിൽ ജനാധിപത്യം നിലനിർത്താനും ചൈന റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഷി ജിൻപിങ് റഷ്യയിലേക്ക് പുറപ്പെടുംമുമ്പ് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സുസ്ഥിരമായ വളർച്ചയ്ക്ക് പരസ്പര സഹകരണം ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ– -ചൈന സഹകരണം ആഗോള സുരക്ഷ ഉറപ്പാക്കാനാണെന്നും അത് മൂന്നാമതൊരു രാജ്യത്തിന് എതിരല്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പറഞ്ഞു.