ചണ്ഡീഗഢ്
ഖലിസ്ഥാൻപക്ഷപാതി അമൃത്പാൽ സിങ്ങിനായി മൂന്നാംദിവസവും പൊലീസിന്റെ തിരച്ചിൽ. അമൃത്പാലിന്റെ അമ്മാവൻ ഹര്ജിത് സിങ്ങും ഡ്രൈവര് ഹര്പ്രീതും കീഴടങ്ങി. ഖലിസ്ഥാന്വാദികളുടെ പ്രതഷേധം ഭയന്ന് പഞ്ചാബിൽ സുരക്ഷ വർധിപ്പിച്ചു.
അമൃത്പാലിന്റെ വാഹനത്തെ പൊലീസ് പിന്തുടരുന്ന സിസിടിവ ദൃശ്യം തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങള്ക്കുള്ള വിലക്ക് സംസ്ഥാനത്ത് തുടരുന്നു. പഞ്ചാബിൽ പലയിടത്തും പൊലീസ് റൂട്ട് മാർച്ച് നടത്തി. അമൃത്പാൽ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം മയക്കുമരുന്ന് മാഫിയ തലവന്റേതാണെന്ന വിവരം പുറത്തുവന്നു.ഇതുവരെ അമൃത്പാലിന്റെ സഹായികളായ 112 പേര് പിടിയിലായി. ഇതിൽ പ്രധാന സഹായികളായ അഞ്ചുപേർക്കെതിരെ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുത്തു.
അമൃത്പാല് അറസ്റ്റിലായെന്നും വ്യാജ ഏറ്റുമുട്ടലിൽ ഇയാളെ വധിക്കാനാണ് ശ്രമമെന്നും വാരിസ് പഞ്ചാബ് ദേയുടെ അഭിഭാഷകന് ഇമാന് സിങ് ഖാര ആരോപിച്ചു. ദേശീയ വാര്ത്താ ഏജന്സിയായ എഎന്ഐയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആരോപണം. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില് ഹേബിയസ് കോര്പസ് ഫയല് ചെയ്തുവെന്നും ഇമാന് സിങ് അറിയിച്ചു.