കുവൈറ്റ് സിറ്റി> സ്വാതന്ത്ര്യ സമരകാലത്തതിനെക്കാൾ പതിന്മടങ്ങ് ശക്തിയിൽ പൊരുതേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സമിതി അംഗം കെ പി സതീഷ് ചന്ദ്രൻ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ഇഎംഎസ്, എ കെ ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയും ജാതീയതയും വീണ്ടും ശക്തിപ്രാപിക്കുന്ന കാലത്ത് അവയ്ക്കെതിരായ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ ഇഎംഎസിന്റേയും എകെജിയുടെയും സ്മരണകൾ നമുക്ക് ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘വളരുന്ന കേരളം, മറയ്ക്കുന്ന മാധ്യമങ്ങൾ” എന്ന സെമിനാറിൽ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി. മാധ്യമങ്ങളുടെ മൂലധന താല്പര്യങ്ങളാണ് ഇടതുപക്ഷത്തിനും ഇടതുപക്ഷം നേതൃത്വം നൽകുന്ന സർക്കാരിനുമെതിരായി പ്രവർത്തിക്കുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് മീഡിയ സെക്രട്ടറി അൻസാരി കടയ്ക്കൽ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. ലോക കേരള സഭാംഗം ആർ നാഗനാഥൻ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിയിൽ വച്ച് കല കുവൈറ്റ് മുഖ മാസികയായ കൈത്തിരിയുടെ പ്രകാശനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ കരിവെള്ളൂർ മുരളിയും സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപും ചേർന്ന് നിർവ്വഹിച്ചു ട്രഷറർ അജ്നാസ് മുഹമ്മദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് പ്രവർത്തകർ നടത്തിയ സംഗീത പരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ബിജോയ് , ജോ: സെക്രട്ടറി പ്രജോഷ് , അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.