മനാമ > ലോക വനിതാ ദിനത്തില്‍ ബഹ്റൈന്‍ പ്രതിഭ വനിത വേദി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ‘ഒറ്റയ്ക്കല്ല ഒന്നിച്ച്’ എന്ന വിളംബരത്തോടെയുള്ള വനിത ശാക്തീകരണ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി കേന്ദ്ര നേതൃത്വ പ്രവര്‍ത്തകര്‍ മുഹമ്മദ് അഹമ്മദി കമ്പനി, ലുലു ക്ലീനിങ് കമ്പനി എന്നിവടങ്ങളിലെ വനിത ജീവനക്കാരുടെ താമസസ്ഥലം സന്ദര്‍ശിച്ചു ഭക്ഷണ വിതരണം നടത്തി.
ജോയിന്റ് സെക്രട്ടറി റീഗ പ്രദീപ്, വൈസ് പ്രസിഡണ്ട് സില്‍ജ സതീഷ്, വനിതാ വേദി എക്സിക്യൂട്ടീവ് അംഗമായ അനിത മണികണ്ഠന്, വനിതാവേദി അംഗങ്ങളായ അനിത നാരായണന്, സുജാസ് ഡ്രീംസ് എന്നിവര്‍ നേതൃത്വം നല്കി. ജോയിന്റ് സെക്രട്ടറി റീഗ സ്വാഗതം പറഞ്ഞ ഹ്രസ്വമായ ഔപചാരിക ചടങ്ങില്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍, കേന്ദ്ര കമ്മറ്റി അംഗമായ രാജീവന്, മുഹമ്മദ് അഹമ്മദി കമ്പനി മാനേജര്‍ സന്ദീപ് നായര്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന് വനിതാ ജീവനക്കാരുമായി സംവദിച്ചു.
ആണ് പെണ് വ്യത്യാസമില്ലാതെ അറിവ് നേടാനും അരങ്ങു വാഴാനും അഭിമാനത്തോടെ ജീവിക്കാനും വനിതകള്‍ക്ക് അവകാശമുണ്ടെന്നും ആ അവകാശ പോരാട്ടത്തില്‍ പ്രതിഭ ഒപ്പമുണ്ടാകുമെന്നും പ്രതിഭ ജനറല്‍ സെക്രട്ടറി പറഞ്ഞു. പൊതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പ്രതിഭ വനിതാ വേദിയുടെ ഇടപെടലുകള്‍ എന്നും അഭിമാനകരമാണെന്നും വനിതാ ജീവനക്കാരുടെ ക്യാമ്പുകളില്‍ ഈ കൂടിച്ചേരലുകള്‍ സംഘടിപ്പിക്കാന്‍ സഹകരിച്ച രണ്ടു കമ്പനികളുടെയും മാനേജ്മെന്റിനോട് കൃതജ്ഞത രേഖപ്പെടുത്തുന്നതായി പ്രതിഭ പ്രസിഡന്റ് പ്രസ്താവിച്ചു.
പ്രതിഭ റിഫ മേഖലാ വനിതാവേദിയുടെ നേതൃത്വത്തില്‍ ‘സ്ത്രീ സുരക്ഷ സൈബര്‍ ഇടങ്ങളില്‍’ എന്ന വിഷയത്തില്‍ വനിതകള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. മേഖല വനിതാ വേദി കണ്‍വീനര്‍ ഷോണിമ ജയേഷ്, കേന്ദ്ര വനിതാവേദി അംഗം ഷമിതാ സുരേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സംസാരിച്ചു.
സല്‍മാബാദ് മേഖല വനിതാ വേദിയുടെ നേതൃത്വത്തില്‍ ‘ചിരിയും കാര്യവുമായി നമ്മുടെ ദിനം’ എന്ന ഒത്തുചേരല്‍ സംഘടിപ്പിച്ചു.