മനാമ > കേരളം എന്ന മലയാളിയുടെ മാതൃഭൂമിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഏറ്റവും പ്രമുഖമായ രണ്ട് നാമധേയങ്ങളാണ് സഖാക്കള്‍ ഇഎംഎസും എകെജിയുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെപി സതീഷ് ചന്ദ്രന് പറഞ്ഞു.
ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച ഇഎംഎസ് -എകെജി ആധുനിക കേരളത്തിന്റെ ശില്പികള് എന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന സമയത്ത് തന്റെ പൂണുല് പൊട്ടിച്ച് കത്തിച്ച് കവറിലാക്കി തപാല്‍ മുഖേന വേദ നേതൃത്വത്തിന് അയച്ച് കൊടുക്കുകയായിരുന്നു പിന്നീട് നവകേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് ചെയ്തത്. സമൂഹത്തില്‍ രൂഢമൂലമായ ജാതി ആചാരങ്ങള്‍ക്കും അയിത്തത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പടപൊരുതിയ രാജാറാം മോഹന്‍ റായ്, വിവേകാനന്ദന്, ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്നീ മഹിഷികള്ക്കൊപ്പമോ അതിലുമുയരത്തിലോ സാമൂഹ്യ പുരോഗതിക്കായ് പ്രവര്‍ത്തിച്ച ധീര വിപ്ലവകാരിയായിരുന്നു ഇഎംഎസ്. ആധുനിക കേരളം ഇന്ന് കാണുന്ന വികസന കുതിപ്പിലേക്ക് എത്തിച്ചേരാന്‍ ഇഎംഎസിന്റെ ദീര്‍ഘദര്‍ശിത്വമായ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രം എഴുതി കൊണ്ട് തുടങ്ങിയ ആ തൂലികയിലൂടെ പിന്നീട് ഇന്ത്യാ രാജ്യത്തിന്റെ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന നിരവധിയായ മാര്‍ക്സിസ്റ്റ് ലെനിസ്റ്റ് കൃതികള്‍ രചിക്കപ്പെട്ടു. കേരളം ലോകത്തിന് സംഭാവന ചെയ്ത മാര്‍ക്സിസ്റ്റ് ദാര്‍ശനികനായി വളര്‍ന്ന ഇഎംഎസ് സാധാരണക്കാരായ മനുഷ്യര്‍ക്ക് ലോക ചലനങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ സംസാരിച്ചു.
പാവങ്ങളുടെ പടത്തലവന് എന്ന് കേരളീയരാല്‍ വിശേഷിപ്പിക്കപ്പെട്ട എകെജി നടത്തിയ സമരങ്ങള്‍ ഒന്നും തന്നെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രം വേണ്ടിയായിരുന്നില്ല. ഏറ്റവും സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ട ആ മഹനീയ വ്യക്തിത്വത്തെ ഗൂരുവായുരിലെ ജാതിയില്‍ താണ ഹിന്ദുഭക്ത ജനങ്ങള്‍ നടത്തിയ ക്ഷേത്ര പ്രവേശന സമരത്തിലും ഭൂമിയില്ലാത്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികള്‍ പോലുമല്ലാത്തവര്‍ പോലും ഉള്‍പ്പെട്ട അമരാവതി ഭൂസമരത്തിലും ഒരേ സമയം കാണാം.
ഇങ്ങനെ കേരളീയ ജനതക്കൊപ്പം നില കൊണ്ട അത്യപൂര്‍വ്വമായ വ്യക്തിത്വങ്ങളെ സ്മരിച്ചു കൊണ്ട് നിലകൊള്ളുക എന്നതിനര്‍ത്ഥം അവര്‍ ഏറ്റെടുത്ത സാമുഹിക വികാസ പ്രകിയയില്‍ അണി ചേരുക എന്നതാണ്. അതാണ് പ്രവാസ മണ്ണില്‍ ഈ അനുസ്മരണ പരിപാടിയിലുടെ പ്രതിഭ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അര്‍ഹമായ ഫണ്ടുകള്‍ നല്‍കാതെ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന വികസന പദ്ധതികളെയും സാമൂഹ്യക്ഷേമ പെന്‍ഷനുകളെയും താമസിപ്പിച്ച് ഇടതുപക്ഷ സര്‍ക്കാറിനെ ഇല്ലായ്മ ചെയ്ത് കളയാം എന്ന ദിവാസ്വപ്നത്തിലാണ് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍. എന്നാല്‍ അതിനൊയൊക്കെ ഇച്ഛാശക്തി കൊണ്ട് മറികടക്കാന്‍ കഴിയുമെന്ന വിളംബരമാണ് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ രക്ഷായാത്രയിലേക്ക് കടല്‍ പോലെ ഒഴുകി വരുന്ന ജനക്കൂട്ടമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ബഹ്റൈന്‍ കെ.സി.എ. ഹാളില്‍ നടന്ന അനസ്മരണത്തില് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് സംസാരിച്ചു. പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു.