മംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് നീക്കം പാളി. സ്ഥാനാർഥിമോഹികളുടെ അതിപ്രസരമാണ് കാരണം. ഇരുനൂറ്റിഇരുപത്തിനാല് മണ്ഡലമുള്ള കർണാടകത്തിൽ കോൺഗ്രസിലെ രണ്ടായിരത്തിലേറെ സീറ്റുമോഹികളാണുള്ളത്. ബിജെപിയിലേക്ക് പോകില്ലെന്ന് വിശ്വസിക്കാവുന്ന സ്ഥാനാർഥികളെ കണ്ടെത്താന്‍ കഴിയാത്തതും പ്രഖ്യാപനം നീളാന്‍ കാരണമായി.
ആദ്യ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാൻ കഴിയുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി കമ്യൂണിക്കേഷൻ സെൽ മേധാവി പ്രിയങ്ക് ഖാർഗെ പറഞ്ഞു. എംഎൽഎമാർ ഉൾപ്പെടെ പത്ത് നേതാക്കൾ ബിജെപിയിൽനിന്ന് കൂറുമാറിയെത്തുമെന്നണ് കോൺഗ്രസ് പ്രതീക്ഷ.
ബിജെപിയിലും സീറ്റ് വിഭജനം കീറാമുട്ടിയാണ്. മിക്ക സിറ്റിങ് എംഎൽഎമാർക്കും സീറ്റ് നഷ്ടമായേക്കും. ജെഡിഎസ് 93 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ (സെക്കുലർ) ഉൾപ്പെട്ട ത്രികോണ മത്സരത്തിൽ കോൺഗ്രസ് 38 ശതമാനം വോട്ട് നേടിയെങ്കിലും 36.22 ശതമാനം വോട്ട് നേടി ബിജെപി ഏറ്റവും വലിയ കക്ഷിയായി.