ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകത്തിൽ ബിജെപിയുടെ പ്രചാരണം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നയിക്കും. 25 അംഗ പ്രചാരണസമിതിയുടെ അധ്യക്ഷനായി ബൊമ്മെയെ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ നിയോഗിച്ചു. 14 അംഗ തെരഞ്ഞെടുപ്പ് കൈകാര്യ സമിതിയെ കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലജെ നയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണസമിതിയിൽ മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ള മുതിർന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയും മകനും സംസ്ഥാന വൈസ്പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയും അംഗങ്ങളാണ്.
കർണാടകത്തിൽ അഴിമതി ആരോപണങ്ങളിൽ മുങ്ങിനിൽക്കുന്ന ബിജെപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതും പ്രതിസന്ധിയിലാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലടക്കം ഉൾപ്പെടുത്തി യെദ്യൂരപ്പയെ ഒപ്പം നിർത്താനാണ് നീക്കം.
സുമലത ബിജെപിയിലേക്ക്
പ്രമുഖ തെന്നിന്ത്യന്‍ നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. മാണ്ഡ്യയില്‍നിന്നുള്ള സ്വതന്ത്രഎംപി എന്ന നിലയില്‍ നാലുവര്‍ഷമായി നിരവധി വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. അതുകൊണ്ടാണ് ബിജെപിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.