ന്യൂഡൽഹി
ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ ഇഡിയുടെ പരിശോധന. കഴിഞ്ഞ ദിവസം തേജസ്വിയുടെ അച്ഛനമ്മമാരും ബിഹാർ മുൻ മുഖ്യമന്ത്രിമാരുമായിരുന്ന ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്റി ദേവിയെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തേജസ്വിയുടെ വസതിക്ക് പുറമെ പട്ന, ഫുൽവാരി ഷെരീഫ് എന്നിവിടങ്ങളിലെ ആർജെഡി നേതാക്കളുടെ ബിഹാറിലെ വസതികളിലും പരിശോധന നടത്തിയെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.
ജോലിക്ക് പകരം ഭൂമി വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നെടുത്ത കേസിലാണ് ഇഡി നടപടി. ലാലു റെയിൽവേ മന്ത്രിയായിരുന്ന 2004–-09ൽ റെയിൽവേയിൽ ജോലിക്ക് പകരം ആളുകളിൽനിന്ന് ഭൂമി കൈപ്പറ്റിയെന്നാണ് സിബിഐ ആരോപണം. കേസില്‍ ലാലു, റാബ്റി ഉൾപ്പെടെ 16 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് പരിശോധനകൾക്കും കള്ളക്കേസുകൾക്കും പിന്നിലെന്ന് ആർജെഡി പ്രതികരിച്ചു.
അറസ്റ്റ് ഫാഷനായെന്ന് സിസോദിയ
കള്ളപ്പണ ഇടപാട് ആരോപിച്ച് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ റോസ് അവന്യൂകോടതി 17 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. നേരത്തേ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ നിലവിൽ തിഹാർ ജയിലിലാണ്. സിസോദിയയുടെ ജാമ്യാപേക്ഷ വിധി പറയാൻ 21ലേക്ക് മാറ്റി. വൻ സുരക്ഷയിലാണ് സിസോദിയയെ കോടതിയിൽ ഹാജരാക്കിയത്. പത്തുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയേ അനുവദിച്ചുള്ളൂ. ഒരു രൂപപോലും സിസോദിയയുടെ പക്കൽനിന്ന് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലന്നും ജയിൽമോചിതനാകാതിരിക്കാനാണ് സിബിഐക്കു പിന്നാലെ ഇഡിഅറസ്റ്റ് രേഖപ്പെടുത്തിയതെന്നും മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ വാദിച്ചു. അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ അധികാരം പരിശോധിക്കപ്പെടേണ്ടതാണെന്ന് മറ്റൊരു മുതിർന്ന അഭിഭാഷകൻ മോഹിത് മാത്തൂർ വാദിച്ചു. ചട്ടങ്ങൾ പാലിക്കാതെ ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത് ഇപ്പോൾ ഫാഷനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കവിതയെ അറസ്റ്റ്
ചെയ്തേക്കുമെന്ന് കെ സി ആർ
മകളും ബിആർഎസ് എംഎൽഎയുമായ കെ കവിതയെ ഇഡി ശനിയാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കവിതയെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിലൂടെ ബിആർഎസിനെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്നും കെ സി ആർ പറഞ്ഞു.